
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഇന്നലെ രേഖപ്പെടുത്തിയ ശേഷം ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാമിന് 6,660 രൂപയിലും പവന് 53,280 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ച് ഗ്രാമിന് 6,680 രൂപയിലും പവന് 53,440 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന വിലയാണിത്.
അതേസമയം നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ത്യൻ വിപണിക്ക് കഴിഞ്ഞ ദിവസങ്ങളിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകിയിരുന്നെങ്കിലും ഇന്നലത്തെ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ കുത്തനെ ഇടിച്ചു. ഇതാണ് പ്രാദേശിക സ്വർണ വില കുറയാൻ കാരണമായത്.
രാജ്യാന്തര വിപണിയിൽ ഫെഡറൽ റിസർവിൻ്റെ നിരക്ക് കുറയ്ക്കൽ പദ്ധതികളെക്കുറിച്ചുള്ള കൂടുതൽ വാർത്തകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നത് വരും ദിവസങ്ങളിൽ സ്വർണ വില വർദ്ധിക്കാൻ ഇടയാക്കിയേക്കാം.
സംസ്ഥാനത്തെ വെള്ളിവിലയിലും കുറവുണ്ട് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞു 96 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്.