
കൊച്ചി: ആഭരണപ്രിയർക്ക് നേരിയ ആശ്വാസവുമായി ഇന്ന് സ്വർണവില കുറഞ്ഞു. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,050 രൂപയായി. 200 രൂപ താഴ്ന്ന് പവൻ വില 64,400 രൂപയായിലെത്തി. ഇന്നലെയാണ് സ്വർണവില കേരളത്തിലെ എക്കാലത്തെയും ഉയരം തൊട്ടത്; ഗ്രാമിന് 8,075 രൂപയും പവന് 64,600 രൂപയും.
18 കാരറ്റ് സ്വർണവിലയും ഗ്രാമിന് ഇന്ന് 20 രൂപ കുറഞ്ഞ് 6,620 രൂപയായിട്ടുണ്ട്. വെള്ളിവിലയും ഗ്രാമിന് രണ്ടുരൂപ കുറഞ്ഞ് 105 രൂപയിലെത്തി. രാജ്യാന്തര വിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും ഇന്നു വിലയിടിഞ്ഞത്.
ഇന്നലെ ഔൺസിന് 2,956 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ രാജ്യാന്തരവില, ലാഭമെടുപ്പ് തകൃതിയായതിനെ തുടർന്ന് 2,906 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ അൽപം മെച്ചപ്പെട്ട് 2,914 ഡോളറായിട്ടുണ്ട്.
ട്രംപിന്റെ താരിഫ് നയം, യുഎസിൽ ഉപഭോക്തൃസംതൃപ്തി സൂചിക നേരിട്ട തളർച്ച, ഭൗമരാഷ്ട്രീയ പ്രശ്നങ്ങൾ എന്നിവയും റിസർവ് ബാങ്ക് ഉൾപ്പെടെ കേന്ദ്രബാങ്കുകളിൽ നിന്ന് സ്വർണത്തിന് ലഭിക്കുന്ന വൻ ഡിമാൻഡും ഗോൾഡ് ഇടിഎഫിലെ നിക്ഷേപ വർധനയും വരും ദിവസങ്ങളിലും സ്വർണവിലയിൽ കയറ്റിറക്കത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തലുകൾ.