
ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷങ്ങൾക്കായി സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയും വ്യാപാരികളെയും ഒരുപോലെ ആശങ്കപ്പെടുത്തി സ്വർണവില റെക്കോർഡ് തകർത്ത് കത്തിക്കയറുകയാണ്.
ബുധനാഴ്ച്ച ഔൺസിന് 3,038 ഡോളർ എന്ന റെക്കോർഡിലെത്തിയ രാജ്യാന്തര സ്വർണവില, ഇന്നു മുന്നേറിയെത്തിയത് 3,055.61 ഡോളർ എന്ന സർവകാല റെക്കോർഡിലേക്ക്. ഫലമോ, കേരളത്തിലും വില പുത്തനുയരം തൊട്ടു.
കേരളത്തിൽ ഇന്നു ഗ്രാമിന് 20 രൂപ ഉയർന്ന് വില 8,310 രൂപയായി. വില 8,300 രൂപ കടന്നത് ചരിത്രത്തിലാദ്യം. 160 രൂപ വർധിച്ച് 66,480 രൂപയാണ് പവന്. പവനും ഗ്രാമും ഇന്നലെക്കുറിച്ച റെക്കോർഡ് ഇന്നു പഴങ്കഥയാക്കി. 18 കാരറ്റ് സ്വർണത്തിന് ഇന്നു ചില ജ്വല്ലറികളിൽ 15 രൂപ വർധിച്ച് 6,855 രൂപയെന്ന റെക്കോർഡിലെത്തിയപ്പോൾ മറ്റു ചില കടകളിൽ 15 രൂപ തന്നെ ഉയർന്ന് 6,825 രൂപയാണ് വില.
വെള്ളിക്കും ചില ആഭരണശാലകളിൽ ഗ്രാമിന് ഒരു രൂപ വർധിച്ച് 112 രൂപയായി. മറ്റു കടകളിൽ 112 രൂപയിൽ മാറാതെ നിൽക്കുന്നു. സ്വർണവില കുതിച്ചതോടെ വിവാഹ സമ്മാനങ്ങളിലും മറ്റും വെള്ളിയാഭരണങ്ങളാണ് ഇപ്പോൾ താരം. സ്വർണം പൂശിയ വെള്ളിയാഭരണങ്ങൾക്കും കച്ചവടം കൂടി.