
കൊച്ചി: സ്വർണത്തിന്റെ ലോകത്തിലെ രണ്ടാമത്തെ വലിയ ഉപഭോക്താവായ ഇന്ത്യയിൽ സ്വർണത്തിനുള്ള ഡിമാന്റ് മൂന്നാം പാദത്തിൽ 10 ശതമാനം ഉയർന്ന് 210.2 ടണ്ണായി.
ആഭരണങ്ങൾക്കുള്ള ഡിമാന്റ് 146.2 ടണ്ണിൽ നിന്ന് 7 ശതമാനം ഉയർന്ന് 155.7 ടണ്ണായി. സ്വർണ ബാർ, കോയിൻ ഡിമാൻഡ് 45.4 ടണ്ണിൽ നിന്ന് 20 ശതമാനം ഉയർന്ന് 54.5 ടണ്ണായി.
രാജ്യത്തെ സ്വർണ ബാർ, കോയിൻ നിക്ഷേപം 2015ന് ശേഷം ഒരു പാദത്തിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നിരക്കിലെത്തി.
ഇന്ത്യയുടെ സ്വർണ ഇറക്കുമതി ഈ വർഷം മൂന്നാം പാദത്തിൽ മുൻവർഷം ഇതേ കാലയളവിലെ 184.5 ടണ്ണിൽ നിന്ന് 220 ടണ്ണായി ഉയർന്നിട്ടുണ്ട്. ഓണം, വരലക്ഷ്മി തുടങ്ങിയ ഉത്സവങ്ങളാണ് സ്വർണ വിൽപന ഉയരാൻ കാരണം.
പത്ത് ഗ്രാമിന് 60,000 രൂപ എന്ന നിരക്കിൽ നിന്നും വില താഴേക്ക് പോയാൽ സ്വർണത്തിന്റെ ഡിമാൻഡിൽ വീണ്ടും ഗണ്യമായ കുതിപ്പുണ്ടാകും. സ്വർണ വില ഉയർന്നതോടെ കുറഞ്ഞ കാരറ്റ് (18K, 14K) ആഭരണങ്ങൾ ജനപ്രീതി നേടിയിട്ടുണ്ട്.
നാണയപ്പെരുപ്പത്തെക്കുറിച്ചുള്ള ഭയം, മൺസൂൺ, ആഗോള സംഭവവികാസങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങളിൽ നിന്ന് ഉയർന്നുവരുന്ന അനിശ്ചിതത്വങ്ങൾ കാരണം സ്വർണത്തിന്റെ അടിത്തറ ശക്തമാണെന്ന് വേൾഡ് ഗോൾഡ് കൌൺസിൽ വ്യക്തമാക്കി.