പ്രമുഖ ആഗോള ബ്രോക്കറേജ് ആയ ഗോള്‍ഡ്‌മാന്‍ സാച്‌സ് പേടിഎമ്മില്‍ ലക്ഷ്യമാക്കുന്ന വില 1250 രൂപയായി ഉയര്‍ത്തി. പേടിഎമ്മിന്റെ നിലവിലുള്ള ഓഹരി വിലയില്‍ നിന്നും 30 ശതമാനം മുന്നേറ്റത്തിന് സാധ്യതയുണ്ടെന്നാണ് ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ നിഗമനം.
നേരത്തെ ഗോള്‍ഡ്‌മാന്‍ സാച്‌സ് പേടിഎമ്മില്‍ ലക്ഷ്യമാക്കിയിരുന്ന വില 1200 രൂപയായിരുന്നു. രണ്ടാം ത്രൈമാസത്തില്‍ പേടിഎമ്മിന്റെ വരുമാനത്തില്‍ 30 ശതമാനം വളര്‍ച്ചാണ് ഗോള്‍ഡ്‌മാന്‍ സാച്‌സ് പ്രതീക്ഷിക്കുന്നത്.
ഇന്റര്‍നെറ്റ് മേഖലയില്‍ ഏറ്റവും ലാഭക്ഷമത കൈവരിക്കുന്ന കമ്പനിയായി പേടിഎം മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോള്‍ഡ്‌മാന്‍ സാച്‌സ് വിലയിരുത്തുന്നു.
നിലവില്‍ സൊമാറ്റോ, നൈക തുടങ്ങിയ ന്യൂ ഏജ് ടെക് കമ്പനികളേക്കാള്‍ താഴ്‌ന്ന മൂല്യത്തിലാണ് പേടിഎം വ്യാപാരം ചെയ്യുന്നതെന്ന് ഗോള്‍ഡ്‌മാന്‍ സാച്‌സ് ചൂണ്ടികാട്ടുന്നു. പേടിഎമ്മിന്റെ വളര്‍ച്ചാ സാധ്യത പരിഗണിക്കുമ്പോള്‍ ഈ ഓഹരി ചെലവ് കുറഞ്ഞ നിലയിലാണുള്ളത്.
2023ല്‍ ഇതുവരെ പേടിഎമ്മിന്റെ ഓഹരി വില 76 ശതമാനമാണ് ഉയര്‍ന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ആറ് ശതമാനമാണ് ഈ ഓഹരിയിലുണ്ടായ മുന്നേറ്റം.
ഒക്‌ടോബര്‍ 20ന് പേടിഎം ജൂലായ്-സെപ്‌റ്റംബര്‍ ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലം പ്രഖ്യാപിക്കും.