
2016ലാണ് ആൻഡ്രോയിഡ് ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്‍റ് അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് വോയിസ് കമാൻഡിലൂടെ ഫോണിനെ നിയന്ത്രിക്കാനാകുമെന്ന സവിശേഷതയുമായെത്തിയ ‘അസിസ്റ്റന്‍റി’ന് വലിയ സ്വീകാര്യതയും ലഭിച്ചിരുന്നു.
എന്നാൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കൂടി സംയോജിപ്പിച്ച ജെമിനിയുടെ വരവോടെ ഗൂഗിൾ അസിസ്റ്റന്‍റ് അപ്രസക്തമായിരിക്കുകയാണ്. ഈ വർഷം തന്നെ അസിസ്റ്റന്റിന്‍റെ സേവനം അവസാനിപ്പിച്ച് ജെമിനിയെ പകരക്കാരനാക്കാനുള്ള തയാറെടുപ്പിലാണ് ഗൂഗിൾ.
ആൻഡ്രോയിഡ് 9, അതിന് മുമ്പുള്ള വേർഷനുകളിലും രണ്ട് ജി.ബിയിൽ കുറവ് റാം ശേഷിയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ ഗൂഗിൾ അസിസ്റ്റന്‍റ് സേവനം തുടരും. പിക്സൽ, സാംസങ്, വൺപ്ലസ്, മോട്ടറോള തുടങ്ങിയ ബ്രാൻഡുകളിൽ പുറത്തിറങ്ങുന്ന പുതിയ ആൻഡ്രോയിഡ് ഫോണുകളിൽ ജെമിനിയാണ് ഡിഫോൾട്ട് അസിസ്റ്റന്‍റ്.
ഈ സാഹചര്യത്തിലാണ് പൂർണമായും ഷിഫ്റ്റ് ചെയ്യാൻ ഗൂഗിൾ തയാറെടുക്കുന്നത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഇപ്പോൾ തന്നെ ജെമിനിയിലേക്ക് മാറിയെന്ന് ഗൂഗിൾ ചൂണ്ടിക്കാണിക്കുന്നു. ഈ വർഷം അവസാനത്തോടെ പൂർണമായും മാറ്റം നിലവിൽവരും.