ന്യൂഡല്‍ഹി: കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ)യ്ക്കെതിരായ ഗൂഗിളിന്റെ അപ്പീലില്‍ വാദം കേള്‍ക്കാന്‍ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍(എന്‍സിഎല്‍എടി) സമ്മതിച്ചു. എന്നാല്‍ അടയ്‌ക്കേണ്ട പിഴയുടെ 10 ശതമാനം കെട്ടിവയ്ക്കാന്‍ എന്‍സിഎല്‍എടി ആവശ്യപ്പെട്ടിട്ടുണ്ട്. 1337.76 കോടി രൂപയാണ് ടെക് ഭീമന് മേല്‍ സിസിഐ ചുമത്തിയ പിഴ.
അടുത്ത ഹിയറിംഗ് ഫെബ്രുവരി 13 നാണ് നടക്കുക. അതിന് മുന്‍പ നിശ്ചയിച്ച തുക അടയ്ക്കണം. അന്തിമ വാദം ഏപ്രില്‍ 3 നും നടക്കും.
അതേസമയം മാപ്‌മൈഇന്ത്യ തുടങ്ങിയവര്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാന്‍ എന്‍സിഎല്‍എടി വിസമ്മതിച്ചു. വിപണിയിലെ ആധിപത്യം ദുരുപയോഗിച്ചതിനാണ് ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ ഗൂഗിളിന് 1,337.76 കോടി രൂപ പിഴ ചുമത്തിയത്. തങ്ങളുടെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് ഓപ്പറേറ്റിഗ് സിസ്റ്റത്തെ ഗൂഗിള്‍ വാണിജ്യാവശ്യത്തിന് ദുരുപയോഗം ചെയ്‌തെന്ന് കോംപിറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തുകയായിരുന്നു.
ഇന്ത്യയില്‍ ഗൂഗിള്‍ നേരിടുന്ന ഏറ്റവും വലിയ ശിക്ഷാനടപടിയാണിത്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ തങ്ങള്‍ക്കെതിരെ കണ്ടെത്തിയ കുറ്റാരോപണങ്ങള്‍ സിസിഐ അതേപടി പകര്‍ത്തുകയാണെന്ന് ഗൂഗിള്‍ ആരോപിക്കുന്നു. തുടര്‍ന്നാണ് ഗൂഗിളിന്റെ പാരന്റിംഗ് കമ്പനിയായ ആല്‍ഫബറ്റ് എന്‍സിഎല്‍എടിയെ ഇക്കാര്യത്തില്‍ സമീപിച്ചത്.