ന്യൂഡല്‍ഹി: മറ്റ് ടെക്കമ്പനികളുടെ ചുവടുപിടിച്ച് ഗൂഗിളും കൂട്ടപിരിച്ചുവിടലിന്. ഏകദേശം 12,000 ജോലികള്‍ അഥവാ മൊത്തം തൊഴില്‍ശക്തിയുടെ 6 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ലോകമെമ്പാടുമുള്ള ജീവനക്കാരെ നടപടി ബാധിക്കും.
സാഹചര്യം സംജാതമാക്കിയതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ജീവനക്കാര്‍ക്കയച്ച ഇ-മെയിലില്‍ സിഇഒ സുന്ദര്‍പിച്ചൈ പറഞ്ഞു. ലക്ഷ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനും ചെലവ് പുന:ക്രമീകരിക്കുന്നതിനും മുന്‍ഗണനകള്‍ പൂര്‍ത്തിയാക്കുന്നതിനുമുള്ള നിമിഷമാണിത്, പിച്ചൈ പറയുന്നു. റിക്രൂട്ടിംഗ്, കോര്‍പറേറ്റ് ഫംഗ്ഷനുകള്‍, എഞ്ചിനീയറിംഗ്, ഉത്പന്ന ടീമുകളില്‍ പെട്ടവരാണ് പിരിച്ചുവിടപ്പെടുക.
ആഗോള തലത്തിലുള്ള നടപടിയുടെ തുടക്കം യു.എസില്‍ നിന്നായിരിക്കും. തൊഴില്‍ നഷ്ടപ്പെട്ടവരെ പുതിയ അവസരങ്ങള്‍ തേടാന്‍ സഹായിക്കുമെന്ന് പിച്ചൈ കൂട്ടിച്ചേര്‍ക്കുന്നു. 60 ദിവസ നോട്ടീസ് കാലത്തെ മുഴുവന്‍ വേതനവും യു.എസില്‍ നല്‍കും.
കൂടാതെ വലിയ തുകയുടെ പിരിച്ചുവിടല്‍ തുക, 2022 ബോണസ്, ഈ വര്‍ഷത്തെ അവധിക്കാലം, 6 മാസത്തെ ആരോഗ്യ സംരക്ഷണം, ജോലി പ്ലെയ്സ്മെന്റ് സേവനങ്ങള്‍, ഇമിഗ്രേഷന്‍ പിന്തുണ എന്നിവയും വാഗ്ദാനം ചെയ്യപ്പെടുന്നു. യുഎസിന് പുറത്ത്, പ്രാദേശിക രീതികള്‍ക്ക് അനുസൃതമായി ജീവനക്കാരെ പിന്തുണയ്ക്കനാണ് തീരുമാനം.പുതിയ പെര്‍ഫോമന്‍സ് മാനേജ്മെന്റ് സിസ്റ്റത്തിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി വര്‍ഷാവസാന ബോണസിന്റെ ഒരു ഭാഗം മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം.
യോഗ്യതയുള്ള ജീവനക്കാര്‍ക്ക് കമ്പനി തുടക്കത്തില്‍ 80% അഡ്വാന്‍സ് ബോണസ് നല്‍കും, ബാക്കിയുള്ളത് പിന്നീടുള്ള മാസങ്ങളില്‍ നല്‍കുമെന്ന് ഒരു വക്താവ് റോയിട്ടേഴ്‌സിനോട് പറഞ്ഞു, ഈ നീക്കം കഴിഞ്ഞ വര്‍ഷം ജീവനക്കാരെ അറിയിച്ചിരുന്നു. ടെക് ഭീമന്‍മാരായ മൈക്രോസോഫ്റ്റ്,മെറ്റ,ട്വിറ്റര്‍, ആമസോണ്‍ എന്നിവ ഇതിനോടകം വലിയ തോതില്‍ തൊഴില്‍ ശക്തി കുറച്ചിട്ടുണ്ട്. ആ ശ്രേണയിലേയ്ക്ക് ഇപ്പോള്‍ ഗൂഗിളും ചേരുകയാണ്.