
സോൾ: ഉപയോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിച്ചതിന് ഗൂഗിളിനും മെറ്റയ്ക്കും ദക്ഷിണ കൊറിയ 7.2 കോടി ഡോളർ (570 കോടി രൂപ) പിഴയിട്ടു.
സ്വകാര്യതാ ലംഘനത്തിന് ദക്ഷിണ കൊറിയയിൽ വിധിക്കുന്ന ഏറ്റവും ഉയർന്ന പിഴയാണിത്. ഗൂഗിൾ 400 കോടി രൂപയും മെറ്റ 170 കോടി രൂപയുമാണ് പിഴയടയ്ക്കേണ്ടത്. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു കമ്പനികൾ പറഞ്ഞു.
ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ മറ്റ് വെബ്സൈറ്റുകളും ആപ്പുകളും ഉപയോഗിക്കുന്നത് മെറ്റ നിരീക്ഷിച്ചപ്പോൾ, ഇതര സേവനങ്ങൾ വിനിയോഗിക്കുന്നത് എങ്ങനെയാണെന്ന വിവരമാണ് ഗൂഗിൾ ശേഖരിച്ചത്. തങ്ങളുടെ ആപ്പുകളിലെ പരസ്യവിന്യാസം വ്യക്തിഗതമാക്കാനാണ് ഇരുകമ്പനികളും ഈ വിവരങ്ങൾ ഉപയോഗിച്ചത്.