മുംബൈ: ജപ്പാനിൽ മൊത്തം 690 മില്യൺ ഡോളറിന്റെ (100 ബില്യൺ യെൻ) നിക്ഷേപമിറക്കാൻ ഒരുങ്ങി ഗൂഗിൾ. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സുന്ദർ പിച്ചൈയാണ് ഈ നിക്ഷേപ പ്രഖ്യാപനം നടത്തിയത്. 2024-ഓടെ ആയിരിക്കും കമ്പനി ഈ നിക്ഷേപം നടത്തുക.
ഈ നിക്ഷേപത്തിലൂടെ ഗൂഗിൾ അടുത്ത വർഷം ടോക്കിയോയ്ക്ക് സമീപമുള്ള ചിബ പ്രിഫെക്ചറിൽ ഒരു ഡാറ്റാ സെന്റർ തുറക്കും. ഇത് കമ്പനിയുടെ ജപ്പാനിലെ ആദ്യത്തെ ഡാറ്റ സെന്ററായിരിക്കും. കൂടാതെ ഇതിലൂടെ രാജ്യത്തെ കമ്പനിയുടെ സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ മൾട്ടിനാഷണൽ ടെക്‌നോളജി കോൺഗ്ലോമറേറ്റ് ഹോൾഡിംഗ് കമ്പനിയാണ് ആൽഫബെറ്റ് ഇൻക്. ഗൂഗിളിന്റെയും നിരവധി ഗൂഗിൾ സബ്‌സിഡിയറികളുടെയും മാതൃ കമ്പനിയായ ഇത് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സാങ്കേതിക കമ്പനിയാണ്.