ന്യൂഡല്‍ഹി: ചാറ്റ്ജിപിടി, ഗൂഗിള്‍ അധികൃതരുടെ ഉറക്കം കെടുത്തുന്നു. ബീറ്റാവേര്‍ഷന്‍ മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും ദിവസങ്ങള്‍ക്കകം തരംഗമാകാന്‍ ഈ ചാറ്റ്‌ബോട്ടിനായിരുന്നു. സംഭാഷണ ഫോര്‍മാറ്റിലൂടെ ഉത്തരം ലഭ്യമാക്കുന്നു എന്നതാണ് പ്രത്യേകത.
ഇതോടെ സമാന ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ ഗൂഗിള്‍ നിര്‍ബന്ധിതരായി. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചാറ്റ്‌ബോട്ട് ഫീച്ചറുകളുള്ള സെര്‍ച്ച് എഞ്ചിന്റെ പണിപ്പുരയിലാണ് ടെക്ക് ഭീമന്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്തില്‍ വേറെയും പ്രൊജക്ടുകളുണ്ട്.
വര്‍ഷാവസാനം നടക്കുന്ന വാര്‍ഷിക കോണ്‍ഫറന്‍സില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാനാകും. പിന്തള്ളപ്പെട്ടുപോകാതിരിക്കാന്‍ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും ഗൂഗിളിന്റെ സഹായത്തിനുണ്ട്. കമ്പനി എക്‌സിക്യുട്ടീവുകളുമായി ഇരുവരും കൂടിക്കാഴ്ചകള്‍ നടത്തുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം ലോക കോടീശ്വരനും ടെസ്ല,സപെയ്‌സ് എക്‌സ് സ്ഥാപകനുമായ എലോണ്‍ മസ്‌ക്കിന്റെ ഓപ്പണ്‍എഐയാണ് ചാറ്റ്ജിപിടി പുറത്തിറക്കിയത്. എലോണ്‍ മസ്‌ക്ക്, സാം ആള്‍ട്ട്മാന്‍ ഇല്യ,സറ്റ്സ്‌കെവര്‍ ഗ്രെഗ് ബ്രോക്ക്മാന്‍, വോജ്സീച്ച് സരെംബ,ജോണ്‍ ഷുല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച കമ്പനിയാണ് ഓപ്പണ്‍എഐ. 149 ബില്യണ്‍ ഡോളര്‍ സെര്‍ച്ച് ബിസിനസിന് ഒരു എതിരാളിയുണ്ടെന്ന് ഗൂഗിള്‍ തിരിച്ചറിയുന്ന നിമിഷങ്ങളാണിത്, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു.