ന്യൂഡല്‍ഹി: വെര്‍ടെക്‌സ് എഐ പ്ലാറ്റ്‌ഫോമിലെ ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പിന്തുണ, ഇപ്പോള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്, ഗൂഗിള്‍ ക്ലൗഡ് അറിയിക്കുന്നു. ക്ലൗഡ് അധിഷ്ഠിത മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോമായ വെര്‍ടെക്‌സ്, മെഷിന്‍ മോഡലുകള്‍ വികസിപ്പിക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
”ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എല്ലാവര്‍ക്കും പ്രാപ്യമാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്. ഇതിന് ശക്തമായ ഫൗണ്ടേഷന്‍ മോഡലുകള്‍, വേഗമേറിയതും സുരക്ഷിതവുമായ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ആവശ്യമാണ്,” ഒരു ബ്ലോഗ് പോസ്റ്റില്‍ ഗൂഗിള്‍ ക്ലൗഡ് പറഞ്ഞു.
ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്ലിക്കേഷനുകള്‍ സൃഷ്ടിക്കുന്നതിനും വിന്യസിക്കുന്നതിനും വെര്‍ടെക്‌സ് പ്ലാറ്റ്‌ഫോം സഹായിക്കും. പിഎല്‍എം 2 ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് മോഡല്‍, ടെക്സ്റ്റിനായി എംബെഡിംഗ്‌സ് എപിഐ, മോഡല്‍ ഗാര്‍ഡനില്‍ ലഭ്യമായ മറ്റ് അടിസ്ഥാന മോഡലുകള്‍ എന്നിവയുള്‍പ്പെടെ ഡവലപ്പര്‍മാര്‍ക്ക് വിവിധ സവിശേഷതകള്‍ ഉപയോഗപ്പെടുത്താം. മോഡലുകള്‍ പരിഷ്‌കരിക്കുന്നതിനും വിന്യസിക്കുന്നതിനും ജനറേറ്റീവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റുഡിയോ ഉപയോക്തൃ സൗഹൃദ ഉപകരണങ്ങള്‍ നല്‍കുന്നു.
മോഡല്‍ ഗാര്‍ഡന്‍ 60 ലധികം മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ഗൂഗിളില്‍ നിന്നും അതിന്റെ പങ്കാളികളില്‍ നിന്നുമുള്ള അടിസ്ഥാന മോഡലുകള്‍ പരീക്ഷിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും. മോഡലുകള്‍ മികച്ചതാക്കാനും വിന്യസിക്കാനും മാനേജുചെയ്യാനും ഡവലപ്പര്‍മാരെ സജ്ജമാക്കുന്ന ഉപകരണങ്ങളുടെ സമഗ്രമായ ആവാസവ്യവസ്ഥയാണ് വെര്‍ടെക്‌സ് എഐ.