Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഓണക്കാലത്തെ ചെലവുകൾക്കായി കേരളം 3000 കോടികൂടി കടമെടുക്കുന്നു

തിരുവനന്തപുരം: ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ മൂവായിരം കോടി രൂപകൂടി കടമെടുക്കുന്നു. ചൊവ്വാഴ്ച ആയിരം കോടി കടമെടുത്തിരുന്നു. ഇതോടെ ഓണക്കാല കടം നാലായിരം കോടി രൂപയായി.

ശമ്പളത്തിനും പെൻഷനും പുറമേ, ബോണസും ഉത്സവബത്തയും ക്ഷേമപെൻഷനും നൽകാനാണ് ഇത്. കേന്ദ്രസർക്കാർ അനുവദിച്ച പരിധിയിൽ റിസർവ് ബാങ്ക് പുറപ്പെടുവിക്കുന്ന കടപ്പത്രങ്ങളിലൂടെയാണ് കടമെടുക്കുന്നത്.

റിസർവ് ബാങ്ക് പ്രസിദ്ധീകരിച്ച വിവരങ്ങളനുസരിച്ച് കേരളം 12 വർഷത്തേക്ക്‌ 2000 കോടിയും 20 വർഷത്തേക്ക്‌ ആയിരം കോടിയുമാണ് കടമെടുക്കാൻ അപേക്ഷിച്ചത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം 29ന് നടക്കും. ചൊവ്വാഴ്ച 15 വർഷത്തേക്ക്‌ ആയിരം കോടി രൂപയെടുത്തത് 7.76 പലിശയ്ക്കാണ്.

ഇത്തവണ ഡിസംബർവരെ 17,936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന് അനുമതിയുള്ളത്. ഇതിൽ 5000 കോടി രൂപയോളം ഇതിനകം കടമെടുത്തു. ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഓണക്കാല ബോണസ് കഴിഞ്ഞവർഷത്തെപ്പോലെ നാലായിരം രൂപയും ഉത്സവബത്ത 2750 രൂപയും നൽകും. വർധനയില്ല. 15,000 രൂപ തിരിച്ചടയ്ക്കേണ്ട ഉത്സവവായ്പയായും നൽകും.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകാൻ 1540 കോടി രൂപ അനുവദിച്ചു. ക്ഷേമനിധി ബോർഡുകളിൽനിന്നുൾപ്പെടെ 57 ലക്ഷം കുടുംബങ്ങൾക്ക് രണ്ടുമാസത്തെ പെൻഷനായി 3200 രൂപവീതം ലഭിക്കും.

ക്ഷേമപെൻഷൻ വിതരണം വെള്ളിയാഴ്ച തുടങ്ങി സെപ്റ്റംബർ അഞ്ചിനുള്ളിൽ പൂർത്തിയാക്കണമെന്നാണ് നിർദേശം. രണ്ടുമാസത്തെ പെൻഷൻ നൽകുന്നുണ്ടെങ്കിലും ഇത് വിതരണം ചെയ്യുന്നതിന് സഹകരണബാങ്കുകൾക്ക് ഒരുമാസത്തെ ഇൻസെന്റീവ് മാത്രമേ നൽകൂ. വിതരണംചെയ്യാത്ത തുക സെപ്റ്റംബർ 17-നകം തിരിച്ചടയ്ക്കാനും നിർദേശിച്ചിട്ടുണ്ട്.

X
Top