ന്യൂഡൽഹി: ഐഡിബിഐ ബാങ്കിൽ 51 ശതമാനത്തിനുമേൽ (ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം) ഓഹരികൾ കൈവശം വയ്ക്കാൻ വിദേശ നിക്ഷേപകർ അല്ലെങ്കിൽ വിദേശ നിക്ഷേപ ഫണ്ടുകൾ എന്നിവയുടെ കൺസോർഷ്യത്തെ അനുവദിക്കാൻ കേന്ദ്രനീക്കം.
നിലവിൽ പുതിയ സ്വകാര്യബാങ്കുകളിൽ 51 ശതമാനത്തിനുമേൽ ഓഹരികൾ കൈവശം വയ്ക്കാൻ വിദേശ നിക്ഷേപകരെ റിസർവ് ബാങ്കിന്റെ ചട്ടം അനുവദിക്കുന്നില്ല.
എന്നാൽ, പുതുതായി രൂപീകരിക്കുന്ന സ്വകാര്യബാങ്കുകളുടെ പ്രമോട്ടർമാർക്ക് മാത്രമാണ് ഇത് ബാധകമെന്നും ഐഡിബിഐ ബാങ്ക് നിലവിൽ പ്രവർത്തിക്കുന്നതായതിനാൽ 51 ശതമാനത്തിനുമേൽ വിദേശനിക്ഷേപം അനുവദിക്കാനാകുമെന്നും ഡിപ്പാർട്ട്മെന്റ് ഒഫ് ഇൻവെസ്‌റ്റ്‌മെന്റ് ആൻഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി.
ഐഡിബിഐ ബാങ്കിനെ ഏതെങ്കിലും ബാങ്കിതര ധനകാര്യസ്ഥാപനം ഏറ്റെടുത്ത് ലയിപ്പിച്ചാൽ ഓഹരികൾ തുടർന്നുള്ള അഞ്ചുവർഷം വിറ്റൊഴിയാൻ പാടില്ലെന്ന (ലോക്ക്-ഇൻ പീരീഡ്) ചട്ടത്തിൽ ഇളവ് നൽകാനും കേന്ദ്രസർക്കാരും റിസർവ് ബാങ്കും ആലോചിക്കുന്നുണ്ട്.
പൊതുമേഖലാ ഓഹരിവില്പന നടപടികളുടെ ഭാഗമായാണ് ഐ.ഡി.ബി.ഐ ബാങ്ക് ഓഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്. എന്നാൽ, ഐഡിബിഐ ബാങ്ക് പൊതുമേഖലാ ബാങ്കല്ല, സ്വകാര്യബാങ്കാണ്. പക്ഷേ, എൽഐസിക്ക് 49.24 ശതമാനവും കേന്ദ്രത്തിന് 45.48 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
ഇരുവർക്കും കൂടി 94.72 ശതമാനം. ഇതിൽ 60.72 ശതമാനം വിറ്റൊഴിയാനുള്ള താത്പര്യപത്രം ഈമാസമാദ്യം ക്ഷണിച്ചിരുന്നു.
ബാങ്കിന് 64,000 കോടി രൂപ വിപണിമൂല്യം തേടിയുള്ള ഓഹരിവില്പനയാണ് കേന്ദ്രം ഉന്നമിടുന്നത്.
ധനക്കമ്മി നിയന്ത്രിക്കാനും ക്ഷേമപ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താനുമായി പൊതുമേഖലാ ഓഹരികൾ വിറ്റൊഴിയുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് ഐഡിബിഐ ബാങ്കോഹരികളും കേന്ദ്രം വിറ്റൊഴിയുന്നത്.
നടപ്പുവർഷം പൊതുമേഖലാ ഓഹരിവില്പനയിലൂടെ കേന്ദ്രം ഉന്നമിടുന്ന സമാഹരണം 65,000 കോടി രൂപയാണ്. ഇതിനകം സമാഹരിച്ചത് 24,544 കോടി രൂപ.
കേന്ദ്രം വിറ്റൊഴിയാനൊരുങ്ങുന്ന ഐഡിബിഐ ബാങ്ക് കഴിഞ്ഞപാദത്തിൽ കാഴ്ചവച്ചത് മികച്ച പ്രകടനം. സെപ്തംബർപാദത്തിൽ ലാഭം 46 ശതമാനം ഉയർന്ന് 828 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി 21.85 ശതമാനത്തിൽ നിന്ന് 16.51 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
അറ്റ നിഷ്ക്രിയ ആസ്‌തി 1.71ൽ നിന്ന് 1.15 ശതമാനമായി കുറഞ്ഞു.