ന്യൂഡൽഹി: ലാപ്ടോപ്പ്, ടാബ്‌ലെറ്റ്, പേഴ്‌സണൽ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഗാഡ്ജറ്റുകൾക്ക് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര തീരുമാനത്തിൽ ഇളവ് വരുത്തിയേക്കും. ഒരു വർഷത്തേക്ക് നിയന്ത്രണം നീട്ടി വയ്ക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.
ഇറക്കുമതി കമ്പനികൾക്ക് ലൈസൻസിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കി ഓൺലൈൻ രജിസ്‌ട്രേഷൻ ഏർപ്പെടുത്താനും നടപടി എടുത്തേക്കും. ഇറക്കുമതി നിരോധനവുമായി ബന്ധപ്പെട്ടുള്ള ആശങ്കകൾ ഇൻഡസ്ട്രി പങ്കുവച്ചിരുന്നു. ഇത് പരിഹരിക്കാനാണ് സർക്കാരിന്റെ നീക്കം.
ആഗസ്റ്റ് മൂന്നിനാണ് ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഗാഡ്ജെറ്റുകളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫോറിൻ ട്രേഡ് (ഡി.ജി.എഫ്.റ്റി) ഉത്തരവ് ഇറക്കിയത്.
നിയന്ത്രണ ഉത്തരവ് പ്രകാരം അംഗീകൃത ലൈസൻസുള്ള ലാപ്‌ടോപ്പുകൾ മാത്രം കൊണ്ടുവരാൻ അനുമതി നൽകി. എന്നാൽ ഇൻഡസ്ട്രിയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തുന്നത് ഡിസംബർ 31 വരെ മാറ്റി വയ്ക്കാൻ പിന്നീട് തീരുമാനിച്ചു.
ചൈനയിൽ നിന്നുള്ള ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കുകയും പ്രാദേശിക ഉത്പാദനം ഉയർത്തുകയുമാണ് കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. പ്രതിവർഷം 78 ബില്യൺ ഡോളർ മൂല്യം വരുന്ന ലാപ്ടോപ്പ് ഉൾപ്പെടെയുള്ള ഗാഡ്ജെറ്റുകളാണ് ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്.
നിരോധനവുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് നവംബർ ഒന്ന് മുതൽ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ഇൻഡസ്ട്രി വൃത്തങ്ങളുമായി ചർച്ച തുടങ്ങും. ഇതിനു ശേഷം ഡി.ജി.എഫ്.ടി നിർദേശങ്ങൾ സമർപ്പിക്കും.
ലൈസൻസ് പ്രക്രിയകളിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ ഓൺലൈൻ രജിസ്‌ട്രേഷൻ നടപ്പാക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യും. രജിസ്റ്റർ ചെയ്യുന്നവർക്ക് സർക്കാർ അനുമതി നൽകുന്ന കാലത്തേക്ക് ഇറക്കുമതി തുടരാനാകും.
പ്രമുഖ കമ്പ്യൂട്ടർ നിർമാതാക്കളായ എച്ച്.പി, ഡെൽ, ആപ്പിൾ, ഏസർ, അസൂസ്, ലെനോവോ എന്നിവരുൾപ്പെടുന്ന സംഘടനയായ ഇന്ത്യ സെല്ലുലാർ ഇലക്ട്രോണിക്‌സ് അസോസിയേഷനും ഇറക്കുമതി നിയന്ത്രണം മാറ്റി വയ്ക്കുന്നതിനായി ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നാണ് തീരമാനത്തിൽ ഇളവ് വരുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നത്.