തിരുവനന്തപുരം: രണ്ടുവർഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിൽ സിനിമാക്കാഴ്ചകൾക്ക് സജ്ജമായി സംസ്ഥാനസർക്കാരിന്റെ ഒ.ടി.ടി. പ്ലാറ്റ്ഫോം. ഒ.ടി.ടി. പ്ലാറ്റ്ഫോമായ ‘സി സ്പേസ് ചലച്ചിത്ര വികസന കോർപ്പറേഷനു കീഴിൽ ജനുവരിയിൽ ആരംഭിക്കും. രാജ്യത്താദ്യമായാണ് സർക്കാരിനു കീഴിൽ ഒ.ടി.ടി. ഒരുങ്ങുന്നത്.
കോവിഡിനു പിന്നാലെ ഒ.ടി.ടി. സിനിമാറിലീസ് വ്യാപകമായതോടെയാണ് സാംസ്കാരികവകുപ്പും ഇങ്ങനെയൊരു ആശയവുമായി രംഗത്തെത്തിയത്. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടു. പ്ലാറ്റ്ഫോമിന്റെ ട്രയൽ റൺ ബുധനാഴ്ച നടക്കും. ഈമാസം തന്നെ ഉദ്ഘാടനം നടക്കും.
കലാകാരന്മാരുടെ പാനലാണ് സി സ്പെയ്സിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുക. സിനിമാ പ്രവർത്തകരടക്കം അംഗങ്ങളായ ഈ സ്ഥിരം പാനൽ സിനിമകൾ കണ്ട് വിലയിരുത്തി നിശ്ചിതമാർക്ക് നൽകും. മറ്റ് ചലച്ചിത്രമേള ജൂറികൾ തിരഞ്ഞെടുത്തതും പുരസ്കാരങ്ങൾ നേടിയതുമായ സിനിമകൾക്കും പരിഗണനയുണ്ടാകും.
സിനിമകളുടെ നിലവാരം മാനദണ്ഡമാക്കി തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ചിത്രാഞ്ജലിപാക്കേജ് സിനിമകൾക്ക് പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. മറ്റു ഒ.ടി.ടി.കൾ പോലെ തിയേറ്ററിൽ റിലീസ് ചെയ്ത സിനിമയായിരിക്കണമെന്ന നിബന്ധനയുണ്ടായിരിക്കില്ല.
മറ്റു സ്വകാര്യ പ്ലാറ്റ്ഫോമുകൾ പോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയായിരിക്കില്ല സി സ്പെയ്സിന്റേത്. ലഭിക്കുന്ന വരുമാനം ആനുപാതികമായി നിർമാതാവിനും ലഭിച്ചുകൊണ്ടിരിക്കും.
കൂടുതൽ വരുമാനം ലഭിച്ചാൽ അതിന്റെ പങ്ക് സാധാരണ ഒ.ടി.ടി.കളിൽ നിർമാതാവിന് ലഭിക്കാറില്ല.