ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ സ്ഥാപന (പിഎസ്യു)ങ്ങളെ ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയി (OFS) ലിനും ഓഹരി തിരിച്ചുവാങ്ങലിനും സര്‍ക്കാര്‍ അനുവദിച്ചേക്കും. ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കാനാകാത്ത സാഹചര്യത്തിലാണ് ഇത്. ഏറ്റവും കുറഞ്ഞ പൊതു ഓഹരി ഉടമ്പടി മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഒഎഫ്എസ് നടത്തും.
ലിസ്റ്റ് ചെയ്ത കമ്പനി, എക്‌സ്‌ചേഞ്ച് വഴി കൂടുതല്‍ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന പ്രക്രിയയാണ് ഒഎഫ്എസ്. ഓഹരി തിരിച്ചുവാങ്ങാന്‍ പൊതുമേഖല സ്ഥാപനങ്ങളെ പ്രേരിപ്പിക്കാനും ആലോചനയുണ്ട്. ഗെയില്‍ ഇന്ത്യ, ഓഹരി തിരിച്ചുവാങ്ങിയതോടെ സര്‍ക്കാറിന് 497 കോടി രൂപ ലഭ്യമായിരുന്നു.
മാത്രമല്ല, നടന്നുകൊണ്ടിരിക്കുന്ന എല്ലാ തന്ത്രപരമായ ഇടപാടുകളും അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് വ്യാപിപ്പിക്കും. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് മിന്റ് ബിസിനസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് വര്‍ഷത്തെ ഓഹരി വിറ്റഴിക്കല്‍ 31000 കോടി രൂപ കവിഞ്ഞെങ്കിലും പുതുക്കിയ ലക്ഷ്യമായ 50,000 കോടി കൈവരിക്കാനായിട്ടില്ല.
കഴിഞ്ഞവര്‍ഷം ബജറ്റില്‍ നിശ്ചയിച്ചിരുന്നത് 65000 കോടി രൂപയായിരുന്നു. തന്ത്രപരമായ ഓഹരി വിറ്റഴിക്കലിലൂടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ അല്ലെങ്കില്‍ 50 ശതമാനമോ അതിലധികമോ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കുകയോ, മാനേജ്മെന്റ് നിയന്ത്രണം കൈമാറ്റം ചെയ്യുകയോ ചെയ്താലും വിടവ് നികത്താനാകില്ല.വിപണിയിലെ അനിശ്ചിതത്വവും നിയമപരമായ തടസ്സങ്ങളും സ്വകാര്യവല്‍ക്കരണ നടപടികളെ തടസപ്പെടുത്തുന്നതിനാലാണ് ഇത്.
ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡിന്റെ ഏകദേശം 5-10 ശതമാനം വരെ വിറ്റഴിക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതി അനിശ്ചിതത്വങ്ങള്‍ കാരണം നീട്ടിവച്ചു. 29.5 ശതമാനം ഓഹരികളാണ് ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡില്‍ ശേഷിക്കുന്നത്. കമ്പനിയില്‍ വേദാന്ത റിസോഴ്സസിന് 64.9 ശതമാനം ഓഹരിയുണ്ട്.
അസംസ്‌കൃത എണ്ണവിലയിലെ ചാഞ്ചാട്ടവും ഗ്രീന്‍ എനര്‍ജിയിലേക്കുള്ള ആഗോള മാറ്റവും കാരണം ഭാരത് പെട്രോളിയത്തിന്റെ വില്‍പ്പന നിര്‍ത്തിയ അവസ്ഥയിലാണ്. ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെയും ബിഇഎംഎല്ലിന്റെയും വിഭജനം പ്രധാന ആസ്തികളുടെ വില്‍പ്പന പ്രക്രിയയില്‍ കാലതാമസമുണ്ടാക്കിയിരുന്നു.