
ന്യൂഡൽഹി: ആരോഗ്യ ഇൻഷുറൻസ് മേഖലയിൽ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നടപടികളുമായി സർക്കാർ. ക്ലെയിം തീർപ്പാക്കൽ, കാഷ്ലെസ് അംഗീകാരം എന്നിവയ്ക്കായി ഏറെ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം.
അപേക്ഷിച്ചാൽ ഒരു മണിക്കൂറിനുള്ളിൽ കാഷ്ലെസ് ചികിത്സയ്ക്കുള്ള അംഗീകാരം ലഭ്യമാക്കുക, മുന്ന് മണിക്കൂറിനുള്ളിൽ ക്ലെയിം തീർപ്പാക്കുക എന്നീ വ്യവസ്ഥകളാണ് കൊണ്ടുവരുന്നത്.
എളുപ്പത്തിൽ മനസിലാക്കാനും പൂരിപ്പിക്കാനും കഴിയുന്ന രീതിയിൽ ക്ലെയിം അപേക്ഷ ഫോം രൂപകല്പനചെയ്യും. പൊതുവായ അപേക്ഷാ ഫോമുകളാകും തയ്യാറാക്കുക. നിശ്ചിത സമയത്തിനുള്ളിൽ ക്ലെയിം പൂർണമായി തീർപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള വ്യവസ്ഥകളും ഫോമിലുണ്ടാകും.
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡിന്റെ(ബിഐഎസ്) മാനദണ്ഡങ്ങൾക്ക് സമാനമായി കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ കൊണ്ടുവരും.
ചികിത്സാ ചെലവുകൾ വർധിക്കുന്നതിനാൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടാതിരിക്കാൻ കൂടുതൽ പേരെ ഇൻഷുറൻസ് പരിരക്ഷയ്ക്ക് കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
താങ്ങാവുന്ന ചെലവിൽ 2047 ഓടെ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്.
ക്ലെയിം തീർപ്പാക്കൽ അപേക്ഷകൾ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളുന്ന വിജ്ഞാപനം ഇൻഷുറൻസ് റെഗുലേറ്റര്(ഐആർഡിഎഐ) കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.
ക്ലെയിമുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ ഇൻഷുറൻസ് കമ്പനികൾ പരാജയപ്പെട്ടതായി വ്യാപകമായി വിമർശനമുയർന്നിരുന്നു. കാഷ്ലെസ് ക്ലെയ്മുകൾ പൂർണമായി നിരസിക്കുന്ന സാഹചര്യവുമുണ്ടായി.
ഐആർഡിഎഐയുടെ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിനും ആരോഗ്യ ഇൻഷുറൻസിൽ ഉപഭോക്താക്കൾക്കുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും പുതിയ നടപടികൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.