ന്യൂഡല്‍ഹി: സൈബർ കുറ്റകൃത്യത്തിന്റ പശ്ചാത്തലത്തില്‍ കേന്ദ്രസർക്കാർ ഇതുവരെ 6.69 ലക്ഷം സിംകാർഡുകളും 1.32 ലക്ഷം ഇ.എം.ഇ.ഐ നമ്പറുകളും ബോക്കു ചെയ്തെന്ന് കേന്ദ്ര മന്ത്രി ബണ്ഡി സഞ്ജയ് കുമാർ രാജ്യസഭയില്‍ മറുപടി നല്‍കി.
ഇതിന് പുറമെ അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികളെ നിയന്ത്രിക്കാനും ബ്ലോക്ക് ചെയ്യാനും കമ്പനികള്‍ പ്രത്യേക സംവിധാനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം മറുപടി നല്‍കി.
ഇത്തരം അന്താരാഷ്ട്ര തട്ടിപ്പ് ഫോണ്‍വിളികള്‍ വഴിയാണ് ഡിജിറ്റല്‍ അറസ്റ്റും മറ്റ് സൈബർ സാമ്പത്തിക തട്ടിപ്പുകളും നടക്കുന്നത്. ഇത് സംബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിലെ പോലീസ് വിഭാഗങ്ങളില്‍നിന്ന് റിപ്പോർട്ടുകളും ലഭിച്ചിരുന്നു. ഇതോടെയാണ് നടപടികള്‍ തുടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി.
ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ മാത്രം നാല് മാസത്തിനിടെ ഇന്ത്യക്കാർക്ക് 120.30 കോടി രൂപ നഷ്ടമായെന്ന് നേരത്തെ കേന്ദ്രം വ്യക്തമാക്കിയിരുന്നു. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്.
കഴിഞ്ഞ മാസം പ്രക്ഷേപണംചെയ്ത മൻ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്റർ (ഐ4സി) മുഖേനയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കുന്നത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ മ്യാന്മർ, ലാവോസ്, കംബോഡിയ എന്നീ മൂന്ന് രാജ്യങ്ങളാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിന്റെ പ്രധാനകേന്ദ്രങ്ങളെന്നും ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. ആകെ സൈബർ തട്ടിപ്പുകളുടെ 46 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍നിന്നാണ്.