ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

വിഴിഞ്ഞം തുറമുഖത്തിന് ₹2,100 കോടി വായ്പയെടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരണ്ടി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ(Vizhinjam port) നിർമാണത്തിനായി നബാർഡ്(NABARD) വായ്പയെടുക്കുന്നതിന് വിഴിഞ്ഞം രാജ്യാന്തര സീപോർട്ട് ലിമിറ്റഡിന് സർക്കാർ ഗ്യാരന്റി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

കരാറുകള്‍ ഒപ്പു വയ്ക്കുന്നതിന് വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടർക്ക് അനുമതി നല്‍കാനും യോഗം തീരുമാനിച്ചു. നബാർഡിൽ നിന്നും എടുക്കുന്ന വായ്പയുടെ പലിശയും സര്‍ക്കാര്‍ വഹിക്കും.

നബാർഡിൽ നിന്നും 2100 കോടി രൂപ വായ്പ എടുക്കുന്നതിന് നബാർഡ് നൽകിയിട്ടുള്ള വായ്പാ അനുമതി കത്തിലെ നിബന്ധനകളും വ്യവസ്ഥകളും ഭേദഗതിയോടെ അംഗീകരിക്കും.

നബാർഡ് വായ്പയ്ക്കായി, നേരത്തേ ഹഡ്കോയിൽ നിന്നും വായ്പയെടുക്കാൻ അനുവദിച്ച സർക്കാർ ഗ്യാരന്റി റദ്ദ് ചെയ്യാനും യോഗത്തിൽ തീരുമാനമായി.

വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയുള്ള ഔട്ടര്‍ റിങ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് 1629.24 കോടി രൂപയുടെ ബാധ്യത സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിന്റെ ഭാഗമായുള്ള സാമ്പത്തിക പങ്കാളിത്ത കരാറിന് മന്ത്രിസഭ അംഗീകാരം നൽകി.

45 മീറ്റര്‍ വീതിയില്‍ നിര്‍മിക്കുന്ന റോഡുമായി ബന്ധപ്പെട്ട് കിഫ്ബി, ദേശീയപാത അതോറിറ്റി, ക്യാപിറ്റൽ റീജിയൻ ഡവലപ്‌മെന്റ് പ്രോജക്ട് -II (CRDP), പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട കരട് ചതുർകക്ഷി കരാറാണ് വ്യവസ്ഥകള്‍ക്ക് വിധേയമായി അംഗീകരിച്ചത്.

ഔട്ടർ റിങ് റോഡ് നിർമിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ തുകയുടെ 50% (ഏകദേശം 930.41 കോടി രൂപ) കിഫ്‌ബി മുഖേന നൽകും.

സർവീസ് റോഡുകളുടെ നിർമാണത്തിനാവശ്യമായ തുക (ഏകദേശം 477.33 കോടി രൂപ ) മേജർ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് പ്രോജക്ടിന്റെ (എംഐഡിപി) ഭാഗമാക്കി ഈ തുക 5 വർഷത്തിനുള്ളിൽ കേരള സർക്കാർ ദേശീയപാത അതോറിറ്റിക്ക് നൽകും.

ഇതിനുപുറമേ റോയല്‍റ്റി, ജിഎസ്ടി ഇനങ്ങളിൽ ലഭിക്കുന്ന തുകയും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വയ്ക്കും. ചരക്കു സേവന നികുതി ഇനത്തില്‍ ലഭിക്കുന്ന 210.63 കോടി രൂപയും റോയല്‍റ്റി ഇനത്തില്‍ ലഭിക്കുന്ന 10.87 കോടി രൂപയുമാണ് വേണ്ടെന്നു വയ്ക്കുക.

ഔട്ടർ റിങ് റോഡിന്റെ നിർമാണത്തിനിടെ ലഭ്യമാകുന്ന കരിങ്കൽ ഉൽപന്നങ്ങളും മറ്റു പാറ ഉൽപന്നങ്ങളും റോയൽറ്റി ഇളവ് ലഭിക്കുന്ന ഉൽപന്നങ്ങളും ഈ ദേശീയപാതയുടെ നിർമാണത്തിന് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്നും യോഗം തീരുമാനിച്ചു.

ഔട്ടർ റിങ് റോഡ് പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ചരക്ക്–സേവന നികുതി വിഹിതം, ദേശീയപാത അതോറിറ്റിക്ക് ഗ്രാന്റ് ആയി നൽകും.

ദേശീയപാത അതോറിറ്റി സമർപ്പിക്കുന്ന നിർദേശം സൂക്ഷ്മപരിശോധന നടത്തി ഗ്രാൻഡ് നൽകുന്നതിന് നികുതി-ധനകാര്യ വകുപ്പുകൾ ചേർന്ന് നടപടിക്രമം വികസിപ്പിക്കണമെന്ന വ്യവസ്ഥയ്ക്ക് വിധേയമായാണിത്.

X
Top