ദില്ലി: കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാത്തരം വിവരങ്ങളും നൽകുന്നതിനായി സർക്കാർ പുതിയ ട്രേഡ് പോർട്ടൽ ആരംഭിച്ചു. ഇത് വ്യാപാരത്തിലേക്ക് കടക്കുന്ന പുതിയ സംരംഭകരെയും ഒപ്പം നിലവിലുള്ള സംരംഭകരെയും സഹായിക്കും.
എംഎസ്എംഇ മന്ത്രാലയം എക്സിം ബാങ്ക്, ടിസിഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഫിനാൻഷ്യൽ സർവീസസ്, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയാണ് ട്രേഡ് കണക്ട് ഇ പ്ലാറ്റ്ഫോം വികസിപ്പിച്ചിരിക്കുന്നത്.
കസ്റ്റംസ് തീരുവ, നിയമങ്ങൾ, തുടങ്ങി എല്ലാത്തരം സംശയങ്ങൾക്കുമുള്ള പരിഹാരമായിരിക്കും ഇതെന്ന് പോർട്ടൽ ഉദ്ഘാടനം ചെയ്തുകൊണ്ട് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
വാണിജ്യ വകുപ്പ്, വിദേശത്തെ ഇന്ത്യൻ മിഷനുകൾ, കയറ്റുമതി പ്രമോഷൻ കൗൺസിലുകൾ തുടങ്ങിയ സുപ്രധാന സർക്കാർ സ്ഥാപനങ്ങളുമായി തടസ്സങ്ങളില്ലാതെ വ്യാപാരികൾക്ക് ബന്ധപ്പെടാൻ കഴിയും.
കയറ്റുമതിക്കാർക്ക് പിന്തുണ നൽകുകയും പ്രശനങ്ങൾ പരിഹരിക്കുകയും ചെയ്യും ഈ പോർട്ടൽ. നിർണായക വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ കയറ്റുമതിക്കാർക്ക് തത്സമയം അറിയാൻ സാധിക്കുമെന്നുള്ളതുമാണ് ഇതിന്റെ പ്രാധാന്യമെന്ന് വിദേശ വ്യാപാര ഡയറക്ടർ ജനറൽ സന്തോഷ് കുമാർ സാരംഗി പറഞ്ഞു.
പരിചയസമ്പന്നനായ വ്യാപാരി ആയാലും പുതിയതായി മേഖലയിലേക്ക് കടന്നു വരുന്ന ആളായാലും കയറ്റുമതിയുടെ ഓരോ ഘട്ടത്തിലും ബിസിനസ്സുകളെ സഹായിക്കുന്നതിനാണ് പ്ലാറ്റ്ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്, അദ്ദേഹം പറഞ്ഞു.
6 ലക്ഷത്തിലധികം ഐഇസി ഉടമകൾ, 180-ലധികം ഇന്ത്യൻ മിഷൻ ഉദ്യോഗസ്ഥർ, 600-ലധികം എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥർ, ഡിജിഎഫ്‌ടി, വാണിജ്യ വകുപ്പ്, ബാങ്കുകൾ എന്നിവയിലെ ഉദ്യോഗസ്ഥർ എന്നിവരെ ഈ പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കും.
പോർട്ടൽ പതിവായി അപ്‌ഡേറ്റ് ചെയ്യുമെന്നും 2025-ൽ അതിൻ്റെ രണ്ടാം പതിപ്പ് പുറത്തിറക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു.