ന്യൂഡൽഹി: പരിധിവിട്ടുയരുന്ന നാണയപ്പെരുപ്പത്തെ ചെറുക്കാൻ ഇന്ധന എക്‌സൈസ് നികുതി വീണ്ടും കേന്ദ്രം കുറച്ചേക്കും. ഉപഭോക്തൃവില (റീട്ടെയിൽ) നാണയപ്പെരുപ്പം ഡിസംബറിലെ 5.72ൽ നിന്ന് ജനുവരിയിൽ 6.52 ശതമാനത്തിലേക്ക് ഉയർന്നിരുന്നു.
നാണയപ്പെരുപ്പം 4 ശതമാനത്തിൽ തുടരുന്നതാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അഭികാമ്യം. 6 ശതമാനം വരെയായാലും ഭീഷണിയല്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരിയിലെ നാണയപ്പെരുപ്പം കൂടി പരിശോധിച്ചശേഷം നികുതിയിന്മേൽ കേന്ദ്രം തീരുമാനമെടുക്കുമെന്ന് റോയിട്ടേഴ്‌സാണ് റിപ്പോർട്ട് ചെയ്‌തത്.
ഒടുവിൽ കുറച്ചത് കഴിഞ്ഞ മേയിൽ
കഴിഞ്ഞ മേയ് 21നാണ് ഇതിനുമുമ്പ് കേന്ദ്രം പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കുറച്ചത്. അന്നും നിമിത്തം നാണയപ്പെരുപ്പം.
പെട്രോൾ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് കുറച്ചത്. ഇതുപ്രകാരം പെട്രോൾ നികുതി 19.90 രൂപയും ഡീസലിന് 15.80 രൂപയുമാണ് (സംസ്ഥാന നികുതി പുറമെ).