രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള തയ്യാറെടുപ്പുകള്‍ കേന്ദ്രം തുടങ്ങിതായി റിപ്പോര്‍ട്ട്. എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് ഗ്യാരന്റീ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, റിനീവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സി എന്നീ സ്ഥാപനങ്ങളാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. അടുത്ത സാമ്പത്തിക വര്‍ഷം (2023-24) ആദ്യ പാദത്തിലാവും ഐപിഒ.
ഇസിജിസിയ്ക്ക് 2021 സെപ്റ്റംബറിലാണ് ഐപിഒയ്ക്കുള്ള അനുമതി ക്യാബിനറ്റിന്റെ അനുമതി ലഭിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 4,400 കോടി രൂപ ഇസിജിസിയില്‍ മൂലധന നിക്ഷേപം നടത്തുമെന്നും കേ്ന്ദ്രം അറിയിച്ചിരുന്നു.
എക്‌സ്‌പോര്‍ട്ട് ക്രെഡിറ്റ് റിസ്‌ക് ഇന്‍ഷുറന്‍സും അനുബന്ധ സേവനങ്ങളും നല്‍കുന്ന വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് ഇസിജിസി. ഐപിഒയിലൂടെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഇസിജിസിയുടെ ശേഷി 88,000 കോടി രൂപയായി ഉയര്‍ത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
പാരമ്പര്യേതര ഊര്‍ജ്ജ മേഖലകളിലെ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന സ്ഥാപനമാണ് ഐആര്‍ഡിഇഎ. ഓഹരി വില്‍പ്പനയിലൂടെ 1,500 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഐപിഒയിലൂടെ സ്ഥാപനത്തിന്റെ വായ്പ നല്‍കാനുള്ള ശേഷി 12000 കോടിയായി ഉയരും. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 276.31 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അറ്റാദായം 76 ശതമാനത്തോളം ആണ് ഉയര്‍ന്നത്.