മുംബൈ: ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) അംഗീകൃത മൂലധനം 10,000 കോടി രൂപയിൽ നിന്ന് 21,000 കോടി രൂപയായി വർധിപ്പിച്ചതായി ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.
താങ്ങുവില അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്ന കേന്ദ്ര സർക്കാരിൻ്റെ നോഡൽ ഏജൻസിയാണ് എഫ്‍സിഐ. ഇത് തന്ത്രപ്രധാനമായ സ്റ്റോക്കുകൾ പരിപാലിക്കുകയും വിവിധ ക്ഷേമ പദ്ധതികൾക്ക് കീഴിൽ ധാന്യങ്ങൾ വിതരണം ചെയ്യുകയും ചെയ്യുന്നു.
“അംഗീകൃത മൂലധനത്തിൻ്റെ വർദ്ധനവ്, എഫ്‌സിഐയുടെ മാൻഡേറ്റ് ഫലപ്രദമായി നിറവേറ്റുന്നതിനുള്ള പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ്,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഫണ്ട് ആവശ്യകത നിറവേറ്റുന്നതിന് എഫ്‍സിഐ നിലവില്‍ ഹ്രസ്വകാല വായ്പ ഉള്‍പ്പടെയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. അംഗീകൃത മൂലധനത്തിലെ വർധന പലിശ ഭാരം കുറയ്ക്കുകയും സാമ്പത്തിക ചെലവ് കുറയ്ക്കുകയും ചെയ്യും.
സംഭരണ സൗകര്യങ്ങൾ നവീകരിക്കാനും ചരക്കു ഗതാഗത ശൃംഖലകൾ മെച്ചപ്പെടുത്താനും നൂതന സാങ്കേതികവിദ്യകൾ സ്വീകരിക്കാനും പുതിയ മൂലധനം എഫ്‍സിഐ പ്രയോജനപ്പെടുത്തണം.
വിളവെടുപ്പിന് ശേഷമുള്ള നഷ്ടം കുറയ്ക്കുന്നതിന് മാത്രമല്ല, ഉപഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങളുടെ കാര്യക്ഷമമായ വിതരണം ഉറപ്പാക്കുന്നതിനും ഈ നടപടികൾ അനിവാര്യമാണ്.
ഡിജിറ്റല്‍വത്കരണത്തിനും ഇ-ഓഫിസ് നടപടിക്രമങ്ങളിലൂടെ കടലാസ് രഹിതമാകുന്നതിനുമുള്ള പരിശ്രമങ്ങള്‍ എഫ്‍സിഐ തുടരുകയാണ്.