മുംബൈ: ഒരാഴ്ച മുമ്പാണ് ഇന്ത്യയില്‍ ഒരു ബില്യണ്‍ ഡോളര്‍ (8,199 കോടി രൂപ) നിക്ഷേപം നടത്തുമെന്ന് ചൈനീസ് വൈദ്യുത വാഹന കമ്പനിയായ ബിവൈഡി (ബില്‍ഡ് യുവര്‍ ഡ്രീം) പ്രഖ്യാപിച്ചത്.
വൈദ്യുത വാഹനങ്ങളും ബാറ്ററികളും നിര്‍മിക്കാനുള്ള ഫാക്ടറി നിര്‍മിക്കുമെന്നായിരുന്നു ബിവൈഡി അറിയിച്ചത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡുമായി ചേര്‍ന്നായിരുന്നു ബിവൈഡി നിക്ഷേപത്തിന് പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ചൈനീസ് കമ്പനിയുടെ നിക്ഷേപത്തിനുള്ള അപേക്ഷ കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചു.
ഹൈദരാബാദില്‍ വൈദ്യുത വാഹന നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി അനുമതിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിനെയാണ്(DPIIT) രണ്ടു കമ്പനികളും ചേര്‍ന്ന് സമീപിച്ചത്.
സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ചൈനീസ് കമ്പനിയുടെ ഇന്ത്യയിലെ നിക്ഷേപത്തിനുള്ള അപേക്ഷ തള്ളിയതെന്നാണ് സൂചന.
പ്രതിവര്‍ഷം 10,000 മുതല്‍ 15,000 വരെ വൈദ്യുത കാറുകള്‍ നിര്‍മിക്കുന്ന പ്ലാന്റ് സ്ഥാപിക്കാനാണ് DPIITക്ക് അപേക്ഷ നല്‍കിയത്. മേഘ എന്‍ജിനീയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ് മൂലധനവും ബിവൈഡി ആവശ്യമായ സാങ്കേതികവിദ്യയും നല്‍കാനുമായിരുന്നു തീരുമാനം.
ഇന്ത്യക്കും ചൈനക്കും ഇടയിലുള്ള അസ്വാരസ്യങ്ങള്‍ തുടരുന്നാണ് ബിവൈഡിയുടെ നിക്ഷേപത്തിനും തിരിച്ചടിയായത്.
ചൈനയില്‍ നിന്നുള്ള മറ്റൊരു വാഹന നിര്‍മാണ കമ്പനിയായ ഗ്രേറ്റ് വാള്‍ മോട്ടോറും നേരത്തെ ഇന്ത്യയില്‍ നിക്ഷേപത്തിന് ശ്രമിച്ചിരുന്നു. ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം ഇന്ത്യയില്‍ നടത്താനായിരുന്നു ജിഡബ്ല്യുഎം ശ്രമം.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കേന്ദ്രസര്‍ക്കാര്‍ ഈ നിക്ഷേപ നിര്‍ദേശത്തിനും അനുമതി നല്‍കിയില്ല. രണ്ടര വര്‍ഷത്തിനു ശേഷമാണ് സര്‍ക്കാര്‍ ജിഡബ്ല്യുഎമ്മിന്റെ അപേക്ഷ നിരസിച്ചത്.
നിലവില്‍ ഓട്ടോ 3, ഇ6 എന്നിങ്ങനെ രണ്ട് വൈദ്യുത കാറുകള്‍ ബിവൈഡി ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ സീല്‍ ഇവി ഇന്ത്യയില്‍ അവതരിപ്പിക്കാനും ബിവൈഡിക്ക് പദ്ധതിയുണ്ട്.
2023 ഓട്ടോ എക്‌സ്‌പോയിലാണ് സീല്‍ ഇവിയെ ബിവൈഡി ആദ്യമായി അവതരിപ്പിച്ചത്.