
തിരുവനന്തപുരം: മരാമത്ത് പ്രവർത്തികളുടെ അടങ്കല്‍ തയ്യാറാക്കുന്നതിന് ഡെല്‍ഹി ഷെഡ്യൂള്‍ പ്രകാരമുള്ള നിരക്ക് (ഡി.എസ്.ആർ.) കാലികമാക്കാനുള്ള തീരുമാനം കൈക്കൊണ്ട് സംസ്ഥാന സർക്കാർ.
നിലവില്‍ ഡി.എസ്.ആർ.-2018 ആണ് സംസ്ഥാനത്ത് പിന്തുടർന്ന് വന്നിരുന്നത്. എന്നാല്‍ ഇനിമുതല്‍, കേന്ദ്ര സർക്കാർ പുതുക്കി വിജ്ഞാപനം ചെയ്ത ഡി.എസ്.ആർ.-2021 സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചിരുക്കുന്നതെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു.
അടുത്ത ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഇതിനായി പ്രൈസ് സോഫ്റ്റുവെയറില്‍ ആവശ്യമായ ഭേദഗതി വരുത്താനും സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.
2021 ഒക്ടോബർ 15-ന് നിലവിലെ സർക്കാരാണ് ഡി.എസ്.ആർ.-2018 പ്രാബല്യത്തില്‍ കൊണ്ടുവന്നത്. എന്നാല്‍, കരാറുകാരുമായി ധനകാര്യ മന്ത്രി നടത്തിയ ചർച്ചയില്‍ ഡി.എസ്.ആർ.-2021 നിലവില്‍വന്നുവെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനെതുടർന്നാണ് പുതിയ മാറ്റം സ്വീകരിക്കാൻ സർക്കാർ തയ്യാറായത്.
ഇക്കാര്യം അനുഭാവപൂർണമായി പരിഗണിക്കാമെന്ന് ധനകാര്യ മന്ത്രി ചർച്ച നടക്കുമ്ബോള്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ നിരക്കുകള്‍ 2018-ലെ ഡി.എസ്.ആറില്‍നിന്ന് 2021-ലെ ഷെഡ്യൂളിലേക്ക് കലോചിതമായി പുതുക്കി നിശ്ചയിക്കുമെന്ന് ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് ധനകാര്യവകുപ്പ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.