
മുംബൈ: സെയിലിന്റെ ഭദ്രാവതി സ്റ്റീൽ പ്ലാന്റിന്റെ സ്വകാര്യവൽക്കരണ പദ്ധതി സർക്കാർ റദ്ദാക്കി. വേണ്ടത്ര ബിഡുകൾ ലഭിക്കാത്തതിനാലാണ് സർക്കാരിന്റെ ഈ നടപടി.
കർണാടകയിലെ ഭദ്രാവതിയിലെ സെയ്‌ലിന്റെ വിശ്വേശ്വരയ്യ അയൺ ആൻഡ് സ്റ്റീൽ പ്ലാന്റിന്റെ (വിഎസ്‌പി) തന്ത്രപരമായ വിൽപ്പനയ്ക്ക് ചുരുക്കം ഇഒഐകൾ മാത്രമാണ് ലഭിച്ചതെന്നും. അതിനാൽ ഇടപാടുമായി മുന്നോട്ട് പോകാൻ മതിയായ ബിഡ്ഡർ താൽപ്പര്യമില്ലാത്തതിനാൽ ഇന്ത്യാ ഗവൺമെന്റ് ഇഒഐ അസാധുവാക്കാൻ തീരുമാനിച്ചതായും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) പ്രസ്താവനയിൽ പറഞ്ഞു.
വിഎസ്‌പിയിലെ സെയിലിന്റെ 100 ശതമാനം ഓഹരികളുടെ തന്ത്രപരമായ ഓഹരി വിറ്റഴിക്കലിന് 2016 ഒക്ടോബറിൽ മന്ത്രിസഭ അനുമതി നൽകിയിരുന്നു. അതിനെ തുടർന്ന്, ലേലക്കാരിൽ നിന്ന് 2019 ജൂലൈയിൽ താൽപ്പര്യം പ്രകടിപ്പിക്കൽ (EoI) ക്ഷണിച്ചു. അപര്യാപ്തമായ ബിഡർ താൽപ്പര്യം കാരണം തന്ത്രപരമായ ഓഹരി വിൽപ്പന ഓഫർ സർക്കാർ പിൻവലിച്ച രണ്ടാമത്തെ സംഭവമാണിത്.
ആഗോള ഊർജ വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ കാരണം ബിഡ്ഡർമാരിൽ ഭൂരിഭാഗവും നിലവിലെ സ്വകാര്യവൽക്കരണ പ്രക്രിയയിൽ പങ്കെടുക്കാനുള്ള തങ്ങളുടെ കഴിവില്ലായ്മ പ്രകടിപ്പിച്ചുവെന്ന് പറഞ്ഞ് ബിപിസിഎല്ലിന്റെ 53 ശതമാനം ഓഹരി വിൽക്കാനുള്ള പദ്ധതി മെയ് മാസത്തിൽ സർക്കാർ റദ്ദാക്കിയിരുന്നു.