
ന്യൂഡല്‍ഹി: ജനുവരി 31ന് രാജ്യസഭയില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വേ 2023 പ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ആരോഗ്യ ബജറ്റ്, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 2.1 ശതമാനത്തിലെത്തി. 2.2 ശതമാനമായിരുന്നു അനുമാനം. 2020-21 വര്‍ഷത്തില്‍ ജിഡിപിയുടെ 1.6 ശതമാനം മാത്രമാണ് ഈയിനത്തില്‍ ചെലവഴിക്കപ്പെട്ടത്.
മൊത്തം സാമൂഹ്യ ചെലവില്‍ ആരോഗ്യമേഖലയുടെ വിഹിതം 2022-23 ല്‍ 26 ശതമാനമാണ്. 2018-19 വര്‍ഷത്തില്‍ 21 ശതമാനമായിരുന്ന സ്ഥാനത്താണിത്. ദേശീയ ആരോഗ്യ നയം, 2017 വിഭാവനം ചെയ്യുന്നത് എല്ലാ പ്രായക്കാര്‍ക്കും ഉയര്‍ന്ന തലത്തിലുള്ള ആരോഗ്യവും ക്ഷേമവുമാണ്. നിലവാരമുള്ള ആരോഗ്യ സേവനങ്ങളിലേക്കുള്ള സാര്‍വത്രിക പ്രവേശനവും നയം ലക്ഷ്യമാക്കുന്നു.
അതനുസരിച്ച്, 2025 ഓടെ ഗവണ്‍മെന്റിന്റെ ആരോഗ്യ ചെലവ് 2.5 ശതമാനമായി ഉയര്‍ത്തണം. പതിനഞ്ചാം ധനകാര്യ കമ്മീഷനും ആരോഗ്യ ചെലവ് 2.5 ശതമാനമാക്കി ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുന്നുണ്ട്. സാമൂഹിക ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന മെഡിക്കല്‍ റീഇംബേഴ്‌സ്‌മെന്റുകള്‍ എന്നിവ ഉള്‍പ്പെടുന്ന ആരോഗ്യ സാമൂഹിക സുരക്ഷാ ചെലവ് 2018-19 9.6 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.
2013-14ല്‍ ഇത് 6 ശതമാനമായിരുന്നു.