
മുംബൈ: മുൻ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ 2 അനുബന്ധ സ്ഥാപനങ്ങളായ എഐഎഎസ്എൽ, എഐഇഎസ്എൽ എന്നിവ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) എഐഎഎസ്‌എൽ, എഐഇഎസ്‌എൽ എന്നിവയെ ഏറ്റെടുക്കാനുള്ള നിക്ഷേപകരുടെ താൽപര്യം അളക്കുന്നതിനായി നിക്ഷേപക മീറ്റിംഗുകളും റോഡ്‌ഷോകളും ആരംഭിച്ചിട്ടുണ്ടെന്നും. താൽപ്പര്യമുള്ള ലേലക്കാരിൽ നിന്ന് ഉടൻ തന്നെ താല്പര്യ പത്രങ്ങൾ ക്ഷണിക്കുമെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
കടക്കെണിയിലായ എയർ ഇന്ത്യയെ കഴിഞ്ഞ വർഷം ഒക്ടോബറിൽ ടാറ്റ ഗ്രൂപ്പിന് 18,000 കോടി രൂപയ്ക്ക് വിറ്റിരുന്നു. 2022 ജനുവരി 27നാണ് എയർ ഇന്ത്യയുടെ യഥാർത്ഥ കൈമാറ്റം നടന്നത്. എന്നിരുന്നാലും, എയർ ഇന്ത്യ എയർപോർട്ട് സർവീസസ് ലിമിറ്റഡ് (AIASL), എയർ ഇന്ത്യ എഞ്ചിനീയറിംഗ് സർവീസസ് ലിമിറ്റഡ് (AIESL), അലയൻസ് എയർ ഏവിയേഷൻ ലിമിറ്റഡ് (AAAL), ഹോട്ടൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (HCI) എന്നീ നാല് എയർ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങളും അതിന്റെ മറ്റ് നോൺ-കോർ ആസ്തികളും അന്നത്തെ ഇടപാടിന്റെ ഭാഗമായിരുന്നില്ല.
തുടർന്ന് ഏകദേശം 15,000 കോടി രൂപ വിലമതിക്കുന്ന ഈ സബ്സിഡിയറികളും നോൺ-കോർ ആസ്തികളും എയർ ഇന്ത്യ അസറ്റ്സ് ഹോൾഡിംഗ് ലിമിറ്റഡ് (എഐഎഎച്ച്എൽ) എന്ന എസ്പിവിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ കാരിയറിന്റെ ഈ സബ്സിഡിയറികളും നോൺ-കോർ ആസ്തികളും വിറ്റഴിക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നു. ആ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവട് വെയ്പ് എന്ന നിലയിലാണ് എഐഎഎസ്എൽ, എഐഇഎസ്എൽ എന്നിവയുടെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചത്.