
മദ്ധ്യ കേരളത്തിൻ്റെ വലിയ വികസനകുതിപ്പിന് കാരണമാകുമെന്ന് കരുതിയ ഗിഫ്റ്റ് സിറ്റി പദ്ധതി യാഥാർത്ഥ്യമാകില്ലേ? കേന്ദ്ര സർക്കാരിൻ്റെ നിർദേശപ്രകാരം പദ്ധതി താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്..
കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി ആരംഭിച്ച പദ്ധതിയാണിത്. ഭൂമി ഏറ്റെടുക്കാനുൾപ്പെടെ നടപടികൾ ആരംഭിച്ചിരുന്നു.
എന്നാൽ പദ്ധതി കേന്ദ്ര സർക്കാർ നിർത്തി വയ്ക്കാൻ ആവശ്യപ്പെട്ടതായും കേന്ദ്രം സഹകരിച്ചില്ലെങ്കിൽ മുന്നോട്ടുപോകാനാകാതെ വരുമെന്നും വ്യവസായ മന്ത്രി ഇക്കണോമിക് ടൈംസ് മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കുയായിരുന്നു.
ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ഇൻഡസ്ട്രിയുടെ വികസനത്തിലൂടെ നോളജ്, ഐടി ഇൻഡസ്ട്രിയുടെ ഉൾപ്പെടെ വലിയ വികസനമാണ് ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ഇൻറഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ, കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി എന്നിവക്കൊപ്പം അനുമതി ലഭിച്ചിരുന്ന പദ്ധതിയാണിതും.
അതിൻ്റെ അടിസ്ഥാനത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. മദ്ധ്യ കേരളത്തിലെ വികസനകുതിപ്പിന് വലിയ തൊഴിൽ അവസരങ്ങൾക്കും കാരണമാകുമെന്ന് കരുതിയിരുന്ന പദ്ധതിയാണിത്.
കേന്ദ്രത്തിൻ്റെ നിലപാട് എന്താണ്?
”പാലക്കാട് ഇൻറഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ, കൊച്ചി ബാംഗ്ലൂർ വ്യവസായ ഇടനാഴി എന്നിവയുടെ ഭാഗമായി ആരംഭിച്ച പദ്ധതിക്ക് കീഴിൽ ഭൂമി ഏറ്റെടുക്കാൻ നടപടികൾ പോലും ആരംഭിച്ചിരുന്നു. കൺസൾട്ടൻ്റിനെയും നിയമിച്ചു.
നടപടിക്രമങ്ങളുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് യൂണിയൻ ഗവൺമെൻ്റിന് പദ്ധതിയുമായി മുന്നോട്ട് പോകാൻ ആകില്ലെന്ന് അറിയിച്ചത്. ആദ്യം ഗിഫ്റ്റ് സിറ്റിയുടെ പേര് മാറ്റണമെന്ന് പറഞ്ഞിരുന്നു. ഇത് നിർദേശമനുസരിച്ച് ഗ്ലോബൽ സിറ്റി എന്നാക്കി മാറ്റി. ” ഇതിനുശേഷം ഗുജറാത്തിൽ ഗിഫ്റ്റ് സിറ്റി ഉള്ളതുകൊണ്ട് മറ്റ് ഗിഫ്റ്റ് സിറ്റികൾക്കൊന്നും അനുമതി കൊടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു എന്ന് വ്യവസായ മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന് വേണമെങ്കിൽ ഗിഫ്റ്റി സിറ്റി ഒറ്റക്ക് നടത്താം എന്നാണ് കേന്ദ്രത്തിൻ്റെ ഒടുവിലത്തെ നിലപാട് . എന്നാൽ ഗിഫ്റ്റി സിറ്റിയിൽ കേന്ദ്ര നിയമങ്ങളാണ് പൂർണമായും നടപ്പാക്കുന്നത്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൻ്റെ പിന്തുണ ഇല്ലെങ്കിൽ സംസ്ഥാനത്തിന് തനിയെ പദ്ധതി നടപ്പാക്കാൻ കഴിയാതെ വരുമെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നതായും വ്യവസായ മന്ത്രി പറഞ്ഞു.
ബെംഗളൂരു-കൊച്ചി വ്യാവസായിക ഇടനാഴിയിലും നിർണായകമാകേണ്ട പദ്ധതി
നിർദ്ധിഷ്ട സിറ്റി ആലുവയിലെ അയ്യമ്പുഴ പഞ്ചായത്തിലാണ് വിഭാവനം ചെയ്തിരുന്നത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പദ്ധതി വരുന്നത് മദ്ധ്യ കേരളത്തിൻ്റെ മുഖച്ഛായ മാറ്റുമെന്നായിരുന്നു പ്രതീക്ഷ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള സംയുക്ത സംരംഭം എന്ന നിലയിൽ ആവിഷ്കരിച്ചിരുന്ന പദ്ധതി ബെംഗളൂരു-കൊച്ചി വ്യാവസായിക ഇടനാഴിയുടെയും കേന്ദ്ര ബിന്ദുവായിരുന്നു. 400 ഏക്കർ ഭൂമിയാണ് ആദ്യഘട്ടത്തിൽ ഏറ്റെടുക്കുന്നതായി അറിയിച്ചിരുന്നത്.