Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പിഎൽഐ സ്കീമുകൾ അവതരിപ്പിക്കുന്നത് നിർത്തിവെക്കാൻ സർക്കാർ

ന്യൂഡൽഹി: നിലവിലുള്ള സംരംഭങ്ങളുടെ ഫലപ്രാപ്തി പരിശോധിക്കുന്നത് വരെ അധിക മേഖലകൾക്കായി പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി അവതരിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയിൽ നിന്നുൾപ്പെടെ, പദ്ധതിയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ലഭിച്ചതെന്ന് വിഷയത്തെക്കുറിച്ച് അറിയാവുന്ന ഉറവിടങ്ങൾ വ്യക്തമാക്കി.

“പുതിയ പിഎൽഐ സ്കീമുകളൊന്നും നിലവിൽ വന്നിട്ടില്ല. നിലവിലുള്ള സ്കീമുകളിൽ നിന്ന് സർക്കാർ പ്രതീക്ഷിച്ച തരത്തിലുള്ള പ്രകടനം ഇനിയും സംഭവിച്ചിട്ടില്ലാത്തതിനാൽ, കാത്തിരുന്ന് കാണേണ്ടതുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ വിശ്വസിക്കുന്നു. 14 സ്കീമുകളിൽ, വിരലിലെണ്ണാവുന്നവ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് എന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.

1.97 ട്രില്യൺ രൂപ വകയിരുത്തി മൂന്ന് വർഷം മുമ്പ് ആരംഭിച്ച പദ്ധതി ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാനും നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

മൊബൈൽ നിർമ്മാണം, ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ, ബൾക്ക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങിയ മേഖലകളിൽ മാത്രമാണ് കാര്യമായ പുരോഗതി ദൃശ്യമായത്.

സോളാർ പിവി മൊഡ്യൂളുകൾ, സ്റ്റീൽ, ടെക്‌സ്‌റ്റൈൽസ്, ഓട്ടോമൊബൈൽസ് തുടങ്ങിയ മേഖലകൾ പുരോഗതിയോടെ പ്രതീക്ഷ നൽകുന്ന ഫലങ്ങൾ കാണിച്ചില്ല എന്ന് മാത്രമല്ല, പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വളർച്ചയാണ് ഉണ്ടായത്. ഈ സ്കീമുകളിൽ ഏതെങ്കിലും തരത്തിലുള്ള തിരുത്തൽ ആവശ്യമുണ്ടോ എന്ന് കേന്ദ്രം ഇപ്പോൾ പരിശോധിച്ചുവരികയാണ്.

നിരവധി സർക്കാർ വകുപ്പുകൾ പുതിയ പിഎൽഐ പദ്ധതികൾ നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും അവയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചിട്ടില്ല. ഉദാഹരണത്തിന്, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കളിപ്പാട്ടങ്ങൾക്കും സൈക്കിൾ ഘടകങ്ങൾക്കുമായി 7,000 കോടിയിലധികം രൂപയുടെ രണ്ട് പദ്ധതികൾക്ക് അന്തിമരൂപം നൽകിയിരുന്നു. മാസങ്ങൾക്കുമുമ്പ് കാബിനറ്റ് നോട്ട് പുറത്തിറക്കിയെങ്കിലും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല.

അതുപോലെ, ഷിപ്പിംഗ് കണ്ടെയ്‌നറുകൾ, കെമിക്കൽസ്, പെട്രോകെമിക്കൽസ്, ലെതർ, മറ്റ് ചില ഉൽപ്പന്നങ്ങൾ എന്നിവയ്ക്കായി പുതിയ പദ്ധതികൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

ഫെബ്രുവരിയിലെ കേന്ദ്ര ബജറ്റിൽ അരഡസൻ പുതിയ പിഎൽഐ പദ്ധതികളെങ്കിലും ധനമന്ത്രി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പുതിയ പദ്ധതിയൊന്നും പരാമർശിച്ചില്ല.

പ്രാരംഭ പദ്ധതികളിൽ നിന്നുള്ള സമ്പാദ്യമായ 11,848 കോടി രൂപ വിനിയോഗിക്കാൻ അവശേഷിക്കുന്നതിനാൽ, ഭാവിയിൽ പുതിയ സ്കീമുകൾ പ്രഖ്യാപിക്കുകയാണെങ്കിൽ, അധിക ഫണ്ട് അലോക്കേഷൻ ആവശ്യമില്ല.

X
Top