
ന്യൂഡല്‍ഹി: എന്‍എംഡിസി നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിന്റെ വില്‍പ്പനയ്ക്കായി കേന്ദ്രസര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ചോടെ ബിഡ്ഡുകള്‍ ക്ഷണിക്കാനാണ് സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന ഈ സ്റ്റീല്‍ പ്ലാന്റ് ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
അതിനുശേഷം പ്ലാന്റും എന്‍എംഡിസിയും വിഭജിക്കപ്പെടും. തുടര്‍ന്ന് നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റ് ഒരു പ്രത്യേക കമ്പനിയാകുകയും എന്‍എംഡിസിയുടെ ഓഹരിയുടമകള്‍, അവരുടെ ഷെയര്‍ഹോള്‍ഡിംഗിന്റെ അനുപാതത്തില്‍ വിഘടിപ്പിക്കപ്പെട്ട പ്ലാന്റിന്റെ (എന്‍എസ്പി) ഓഹരിയുടമകളായി മാറുകയും ചെയ്യും.അതുകൊണ്ടുതന്നെ എന്‍എസ്പിയുടെ 60.79 ശതമാനം ഓഹരികള്‍ സര്‍ക്കാറിന്റെ കൈവശം വന്നുചേരും.
ശേഷിക്കുന്നവ റീട്ടെയില്‍, സ്ഥാപന നിക്ഷേപകരുടേതായും മാറും. നിലവില്‍ 122 രൂപയിലാണ് എന്‍എംഡിസി ഓഹരികള്‍ ട്രേഡ് ചെയ്യപ്പെടുന്നത്. 175 രൂപയാണ് 52 ആഴ്ചയിലെ ഉയരം.
99.60 രൂപ 52 ആഴ്ചയിലെ താഴ്ചയാണ്. പ്ലാന്റ് പുതിയ കമ്പനിയാകുന്നതോടെ, അതിന്റെ ഓഹരി വിറ്റഴിക്കല്‍ നടപ്പാക്കാനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ‘എന്‍എംഡിസിയുടെയും നഗര്‍നാര്‍ സ്റ്റീല്‍ പ്ലാന്റിന്റെയും (എന്‍എസ്പി) വിഭജനം അവസാന ഘട്ടത്തിലാണ്. പ്ലാന്റ് ഈ മാസം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതിനുശേഷം മര്‍ച്ചന്റ് ബാങ്കര്‍മാരെ നിയമിക്കുന്നതുള്‍പ്പടെയുള്ള നടപടികളെടുക്കും,’ ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് പിടിഐ പറഞ്ഞു.
മാര്‍ച്ച് അവസാനത്തോടെ ലേലക്കാരില്‍ നിന്ന് പ്രാഥമിക ബിഡുകളോ ഇഒഐയോ ക്ഷണിക്കാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 2023 ഏപ്രില്‍ മുതല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ വില്‍പ്പന പ്രക്രിയ നടക്കും. ഛത്തീസ്ഗഡിലെ ബസ്തറിന് സമീപമുള്ള നഗര്‍നാറിലുള്ള പ്ലാന്റിന്റെ ശേഷി പ്രതിവര്‍ഷം 3 ദശലക്ഷം ടണ്‍ സ്റ്റീലാണ്. 23,140 കോടി രൂപ ചെലവില്‍ 1,980 ഏക്കറിലാണ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്.