ന്യൂഡല്‍ഹി: സ്വകാര്യവത്ക്കരണത്തിന് അനുയോജ്യമായ പൊതുമേഖല ബാങ്കുകളുടെ പട്ടിക തയ്യാറാക്കുന്നതിന് പാനല്‍ രൂപീകരിക്കും. ”സ്വകാര്യവത്ക്കരണത്തിനുതകുന്ന ഇടത്തരം, ചെറുകിട ബാങ്കുകളെ തിരിച്ചറിയുന്നതിനും പ്രകടനത്തെ അടിസ്ഥാനമാക്കി ഓഹരി വില്‍പനയുടെ അളവ് നിര്‍ണ്ണയിക്കുന്നതിനും പുതിയ കമ്മിറ്റി രൂപീകരിക്കും,” കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം), റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), നിതി ആയോഗ് എന്നിവയില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരിക്കും സമിതി അംഗങ്ങള്‍.
”ബാങ്ക് സ്വകാര്യവല്‍ക്കരണം അജണ്ടയിലുണ്ട്. പക്ഷേ ഇപ്പോള്‍ എല്ലാ ബാങ്കുകളും ലാഭകരമായി മാറിയിരിക്കുന്നു. അതിനാല്‍ ഏത് ബാങ്കിനെ ബ്ലോക്കില്‍ ഉള്‍പ്പെടുത്തണമെന്നതിന് പുനര്‍മൂല്യനിര്‍ണ്ണയം ആവശ്യമാണ്. നിക്ഷേപകരില്‍ നിന്നുള്ള താല്‍പ്പര്യത്തെയും മറ്റ് ഘടകങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും തെരഞ്ഞെടുപ്പ്” സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക് തുടങ്ങിയ 12 പൊതുമേഖലാ ബാങ്കുകളില്‍ സമിതി ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ട് പൊതുമേഖലാ ബാങ്കുകള്‍ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, 2021 ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് ബാങ്കിംഗ് നിയമ (ഭേദഗതി) ബില്‍ 2021 തയ്യാറാക്കി.
എന്നാല്‍ ബില്‍ ഇതുവരെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടില്ല.
1970ലെയും 1980ലെയും ബാങ്കിംഗ് കമ്പനീസ് (ഏറ്റെടുക്കല്‍, കൈമാറ്റം) നിയമങ്ങള്‍, 1949 ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് എന്നിവയില്‍ ഭേദഗതി വരുത്താന്‍ ഉദ്ദേശിച്ചാണ് ബില്‍.സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവ സ്വകാര്യവത്കരിക്കാന്‍ നിതി ആയോഗ് 2021 ഏപ്രിലില്‍ ശുപാര്‍ശ നല്‍കിയെങ്കിലും അന്തിമ തീരുമാനമായില്ല.