
ന്യൂഡല്‍ഹി: വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ആശയവിനിമയം നടത്തുന്ന ചാറ്റ്‌ബോട്ട് താമസിയാതെ നിലവില്‍ വരും. ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യം വച്ച് കേന്ദ്രസര്‍ക്കാറാണ് ചാറ്റ് ബോട്ടിന് രൂപം നല്‍കുന്നത്. ഇതിനായി വികസിപ്പിക്കുന്ന ഭാഷ ടൂള്‍ സര്‍ക്കാറിന്റെ ഭാഷിണി പ്ലാറ്റ്‌ഫോമിലും പ്രയോഗിക്കും.
അതേസമയം ഉപഭോക്തൃ പരാതികള്‍ കാര്യക്ഷമമായി മനസ്സിലാക്കാന്‍ സാധിക്കുന്ന വലിയ ഭാഷ മോഡല്‍ (എല്‍എല്‍എം) കണ്ടെത്തുക വെല്ലുവിളിയായി തുടരുന്നു. ചാറ്റ് ബോട്ടില്‍ നിര്‍ദ്ദേശങ്ങള്‍ പ്രൊസസ് ചെയ്യുന്ന ഭാഗമാണ് എല്‍എല്‍എം. വാചകം മനസ്സിലാക്കാനും പ്രതികരണം സൃഷ്ടിക്കാനും അവ സഹായിക്കും.
വിവിധ കമ്പനികള്‍ വികസിപ്പിച്ച എല്‍എല്‍എം ഇവിടെ പ്രയോഗക്ഷമമല്ലെന്നും സൂക്ഷ്മതകള്‍ മനസ്സിലാക്കുന്ന ഒരു എല്‍എല്‍എം ആവശ്യമാണെന്നും അധികൃതര്‍ പ്രതികരിച്ചു. നിര്‍ദ്ദേശാനുസരണം സംസ്ഥാനം, നഗരം, വ്യവസായം, ബ്രാന്‍ഡ്, തുടങ്ങി ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുന്ന ബോട്ട് കഴിഞ്ഞമാസം നിര്‍മ്മിച്ചിരുന്നു.
അതിന്റെ വികസിത രൂപമാണ് നിലവിലത്തേത്.