
2047 ഓടെ ഇന്ത്യയെ 30-35 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കാന്‍ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍.
കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐകെജിഎസ്) സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര വ്യാപാര കരാറിനായി (എഫ്ടിഎ) ബഹ്റൈനുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്താക്കി.
രാജ്യത്ത് വളര്‍ച്ചയ്ക്കും വികസനത്തിനും സാമ്പത്തിക അവസരങ്ങള്‍ക്കും സമാനതകളില്ലാത്ത അവസരങ്ങളാണുള്ളത്. കേന്ദ്രം എല്ലാ സംസ്ഥാനങ്ങളുമായും യോജിച്ച് പ്രവര്‍ത്തിക്കുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ നിലവിലെ 4 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2047 ഓടെ 30-35 ട്രില്യണ്‍ ഡോളറിലെത്തിക്കുമെന്നും ഗോയല്‍ പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രവും ഇടതുപക്ഷ ജനാധിപത്യ മുന്നണി (എല്‍ഡിഎഫ്) നയിക്കുന്ന കേരള സര്‍ക്കാരും തമ്മില്‍ വിവിധ വിഷയങ്ങളില്‍ ഭിന്നതയുണ്ട്. ഈ പശ്ചാത്തലത്തില്‍, കേരളത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് താന്‍ ഇവിടെയെത്തിയതെന്ന് പറഞ്ഞ ഗോയല്‍, വിവിധ മേഖലകളില്‍ സംസ്ഥാനം കൈവരിച്ച വിവിധ മുന്നേറ്റങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു.
കെ-റെയിലിനു പകരമായി സംസ്ഥാനം പപരിഗണിക്കുന്ന സെമിഹൈസ്പീഡ് റെയില്‍ പദ്ധതിയടക്കമുള്ളവ കേരളത്തിന്റെ മുഖഛായമാറ്റുമെന്നും മന്ത്രി വ്യക്തമാക്കി.
51 ഫൈവ് സ്റ്റാര്‍ ഹോട്ടലുകളാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തെ ടൂറിസം വികസനത്തെ എടുത്തുകാട്ടുന്നതായും അദ്ദേഹം പറഞ്ഞു.
നിക്ഷേപങ്ങളുടെ ഫലം ആസ്വദിക്കൂ എന്ന് പറഞ്ഞ അദ്ദേഹം കേരളത്തിലും രാജ്യത്തും നിക്ഷേപം നടത്താന്‍ നിക്ഷേപകരോട് അഭ്യര്‍ത്ഥിച്ചു.
രണ്ട് ദിവസത്തെ നിക്ഷേപക ഉച്ചകോടിയില്‍ മൂവായിരത്തോളം പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.