
വിദേശ ഇന്ത്യക്കാരനായ രാജീവ് ജെയ്‌നിന്റെ ജിക്യുജി പാര്‍ട്‌ണേഴ്‌സ് അഞ്ച് അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉയര്‍ത്തി.
അദാനി ഗ്രൂപ്പിനെതിരെയുണ്ടായിരുന്ന ആരോപണങ്ങളുടെ ശക്തി കുറഞ്ഞതോടെ ജിക്യുജി പാര്‍ട്‌ണേഴ്‌സ് കൂടുതല്‍ ഓഹരികള്‍ വാങ്ങുകയായിരുന്നു.
അദാനി പോര്‍ട്‌സിലെ ഓഹരി ഉടമസ്ഥത ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ 1.46 ശതമാനമായി കുറച്ചുകൊണ്ടുവന്ന ജിക്യുജി പാര്‍ട്‌ണേഴ്‌സ് ജനുവരി-മാര്‍ച്ച് ത്രൈമാസത്തില്‍ ഇത് 3.93 ശതമാനമായി ഉയര്‍ത്തി. അദാനി ഗ്രീന്‍ എനര്‍ജിയിലെ ഓഹരി പങ്കാളിത്തം 0.28 ശതമാനം വര്‍ധിപ്പിച്ച് 4.49 ശതമാനമായി ഉയര്‍ത്തി.
അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്റര്‍പ്രൈസസ്, അദാനി പവര്‍ എന്നീ കമ്പനികളിലെയും ഓഹരി ഉടമസ്ഥത ജിക്യുജി പാര്‍ട്‌ണേഴ്‌സ് വര്‍ധിപ്പിച്ചു.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ ഓഹരികളെ കനത്ത വില തകര്‍ച്ചയിലേക്ക് നയിച്ചപ്പോള്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഓഹരികള്‍ വാങ്ങുകയാണ് ചെയ്‌തിരുന്നത്. അതിനു ശേഷവും ഘട്ടങ്ങളായി അവര്‍ ഓഹരികള്‍ വാങ്ങി.