മുംബൈ: അദാനി ട്രാന്‍സ്മിഷനിലെ മൂന്ന് ശതമാനം ഓഹരികള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാടിലൂടെ വില്‍പന നടത്തിയിരിക്കയാണ് അദാനി ഗ്രൂപ്പ്. യുഎസ് ആസ്ഥാനമായ നിക്ഷേപ സ്ഥാപനം ജിക്യുജി പാര്‍ട്‌ണേഴ്‌സാണ് 2666 കോടി രൂപയ്ക്ക് ഓഹരികള്‍ വാങ്ങിയത്. അദാനി ട്രാന്‍സ്മിഷന്റെ പ്രൊമോട്ടറായ ഫോര്‍ട്ടിയൂഡ് ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് 33.9 ദശലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 3.04 ശതമാനം ഓഹരികള്‍ ശരാശരി 786.19 രൂപ നിരക്കില്‍ വില്‍പന നടത്തുകയായിരുന്നു.
മൊത്തം 21.3 ദശലക്ഷം ഓഹരികള്‍ (1.91 ശതമാനം ഓഹരി) ജിക്യുജി പാര്‍ട്‌ണേഴ്‌സ് 1,676 കോടി രൂപയ്ക്ക് വാങ്ങിയതായി എന്‍എസ്ഇ ഡാറ്റ കാണിക്കുന്നു. നിക്ഷേപ സ്ഥാപനമായ ജിക്യുജി പാര്‍ട്‌ണേഴ്‌സും ഐഎച്ച്‌സി ഗ്രൂപ്പും മറ്റുള്ളവരും ചേര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് പുതിയ വാങ്ങല്‍. രാജീവ് ജെയിനിന്റെ നിയന്ത്രണത്തിലുള്ള ജിക്യുജിയും മറ്റ് നിക്ഷേപകരും ഗ്രൂപ്പ് കമ്പനികളായ അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി എന്നിവയുടെ 1 ബില്യണ്‍ ഡോളര്‍ അധിക ഓഹരികള്‍ ബ്ലോക്ക് ഡീലുകളിലൂടെ വാങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
മാര്‍ച്ചില്‍ ജിക്യുജി പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പില്‍ 15446 കോടി രൂപ നിക്ഷേപിച്ചു. അന്ന് അദാനി പോര്‍ട്ട്‌സ് ആന്റ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍,അദാനി എന്റര്‍പ്രൈസസ് എന്നീ നാല് കമ്പനികളിലാണ് അവര്‍ നിക്ഷേപം നടത്തിയത്. ഇതോടെ വന്‍ ഇടിവ് നേരിടുകയായിരുന്ന അദാനി ഗ്രൂപ്പ് സ്റ്റോക്കുകള്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു.
യുഎസ് ഷോര്‍ട്ട്‌സെല്ലര്‍ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് ഓഹരികള്‍ ഇടിവ് നേരിട്ടത്.