
കൊച്ചി: കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 481.6 കോടി രൂപയിൽ നിന്ന് 67.9 ശതമാനം വർധനവോടെ 808.6 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി ഗ്രാസിം ഇൻഡസ്ട്രീസ്. ജൂൺ പാദത്തിൽ കമ്പനിയുടെ വരുമാനം 92.8 ശതമാനം ഉയർന്ന് 7,253 കോടി രൂപയായി.
ഏകീകൃത തലത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് കമ്പനിയുടെ അറ്റാദായം 14 ശതമാനം മെച്ചപ്പെട്ട് 1,667.30 കോടി രൂപയിൽ നിന്ന് 1,933.39 കോടി രൂപയായപ്പോൾ ഏകീകൃത വരുമാനം 14 ശതമാനം ഉയർന്ന് 28,042 കോടി രൂപയായി. ഈ പാദത്തിൽ ഗ്രാസിമിന്റെ ഇബിഐടിഡിഎ 1,320 കോടിയായി ഉയർന്നപ്പോൾ അതിന്റെ പ്രവർത്തന മാർജിൻ 18.61 ശതമാനമായി ഉയർന്നു.
സെഗ്‌മെന്റ് അടിസ്ഥാനത്തിൽ, ഗ്രാസിമിന്റെ വിസ്കോസ് (ഫൈബർ, നൂൽ) ബിസിനസ്സ് 4,299.88 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തിയപ്പോൾ കെമിക്കൽ യൂണിറ്റിലെ വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,436.48 കോടി രൂപയിൽ നിന്ന് 2,733.3 കോടി രൂപയായി മെച്ചപ്പെട്ടു. പുതിയ പെയിന്റ് ബിസിനസ്സിൽ കമ്പനിയുടെ പ്ലാന്റ് കമ്മീഷൻ ചെയ്യുന്നതിനുള്ള പാതയിലാണെന്ന് ബിഎസ്ഇ ഫയലിംഗിൽ ഗ്രാസിം പറഞ്ഞു.
2023 സാമ്പത്തിക വർഷത്തിൽ 6,720 കോടി രൂപ ചെലവിടാനാണ് സ്ഥാപനത്തിന്റെ ബജറ്റ് വകയിരുത്തിയിരിക്കുന്നത്, ഇതിൽ പെയിന്റ് ബിസിനസ്സിനുള്ള 3,542 കോടി രൂപയും ഉൾപ്പെടുന്നു. അടുത്ത 5 വർഷത്തിനുള്ളിൽ ഏകദേശം 2,000 കോടി രൂപയുടെ നിക്ഷേപത്തോടെ ബിൽഡിംഗ് മെറ്റീരിയലുകളുടെ വിഭാഗത്തിനായുള്ള ബി2ബി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്കുള്ള ചുവടുവെപ്പും കമ്പനി പ്രഖ്യാപിച്ചിരുന്നു.