ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ബാങ്ക് നിക്ഷേപങ്ങളില്‍ 6 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച

മുംബൈ: കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തെ ബാങ്ക് നിക്ഷേപങ്ങളില്‍ ഉണ്ടായത് കഴിഞ്ഞ 6 വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച.

കേന്ദ്ര സര്‍ക്കാര്‍ 2000 രൂപയുടെ നോട്ട് വിനിമയത്തില്‍ നിന്ന് പിന്‍വലിച്ചതിന്‍റെ പ്രതിഫലനത്തിനൊപ്പം നിക്ഷേപങ്ങള്‍ക്കുള്ള ഉയര്‍ന്ന പലിശനിരക്കും 13 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്താന്‍ ഇടയാക്കിയതായി കെയര്‍എഡ്‍ജ് റേറ്റിംഗ് തയാറാക്കിയ കുറിപ്പില്‍ പറയുന്നു.

തൊട്ടുമുന്‍പുള്ള രണ്ടാഴ്ചയുമായുള്ള താരതമ്യത്തില്‍ 3.2 ശതമാനത്തിന്‍റെ വർധനയാണ് ഉണ്ടായത്.

ഒരു വർഷം മുമ്പുള്ള കാലയളവിനെ അപേക്ഷിച്ച് ബാങ്ക് നിക്ഷേപങ്ങളില്‍ 22 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതായത് 2017 മാർച്ചിന് ശേഷമുള്ള കാലയളവില്‍ രണ്ടാഴ്ചയ്ക്കിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച.

ജൂൺ 30 വരെയുള്ള കണക്കു പ്രകാരം ബാങ്കുകളിലേക്ക് തിരിച്ചെത്തിയ 2000 രൂപ നോട്ടുകളുടെ മൂല്യം 2.72 ലക്ഷം കോടി രൂപയായിരുന്നു. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തുമ്പോള്‍ വിനിമയത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ 76 ശതമാനവും തിരിച്ചെത്തിയിട്ടുണ്ട്.

തിരിച്ചെത്തിയ നോട്ടുകളുടെ 87 ശതമാനവും ബാങ്ക് നിക്ഷേപമായാണ് മാറിയത്, 13 ശതമാനം നോട്ടുകള്‍ മാത്രമാണ് മാറ്റിവാങ്ങപ്പെട്ടതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.

നിലവിൽ ചില ബാങ്കുകളും ബാങ്കിംഗ് ഇതര കമ്പനികളും (എൻബിഎഫ്‌സി) വാർഷികാടിസ്ഥാനത്തിൽ 8.5-9.36% പലിശ സ്ഥിര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇത് എക്കാലത്തെയും ഉയര്‍ന്ന പലിശയാണ്.

എന്നാല്‍ പണപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍ ബാങ്ക് എഫ്‍ഡികളില്‍ നിന്നുള്ള വരുമാനം ആകര്‍ഷണീയം അല്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. “എഫ്‍ഡി നിക്ഷേപത്തിന് പണപ്പെരുപ്പത്തെ മറികടക്കാൻ കഴിയാതെ വരുമെന്നതിന്റെ പോരായ്മ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.

എഫ്‍ഡി പലിശ നിരക്ക് പണപ്പെരുപ്പ നിരക്കിന് താഴെയായി തുടരുകയാണെങ്കിൽ നിക്ഷേപത്തിന് മൂല്യം നഷ്ടപ്പെടും. ദീർഘകാലാടിസ്ഥാനത്തിൽ, ഇത് ഒരു പ്രശ്‌നമുണ്ടാക്കിയേക്കാം,” ക്ലിയർടാക്‌സ് വിലയിരുത്തുന്നു. ആ അർത്ഥത്തിൽ, ഹ്രസ്വകാല മൂലധന സംരക്ഷണത്തിന് മാത്രമാണ് എഫ്‍ഡികള്‍ പ്രായോഗികമായിട്ടുള്ളതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, വായ്പാ വിതരണം ജൂണ്‍ 30ന് അവസാനിച്ച രണ്ടാഴ്ചയില്‍ 16.2 ശതമാനം എന്ന ഉയർന്ന വളർച്ചയോടെ 143.9 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗതം, എൻബിഎഫ്‌സികൾ, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും തുടങ്ങിയ വിഭാഗങ്ങളിലെല്ലാം മികച്ച വായ്പാ വളര്‍ച്ച കൈവരിച്ചു.

മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ 2022 ജൂലൈ 1 മുതലുള്ള കാലയളവില്‍ ക്രെഡിറ്റ് ഓഫ്ടേക്കില്‍ 20.1 ലക്ഷം കോടി രൂപയുടെ വര്‍ധനയുണ്ടായി. മുന്‍ വർഷം ഇതേ കാലയളവില്‍ 15.6 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

“സാമ്പത്തിക വിപുലീകരണം, മൂലധനച്ചെലവിലെ വർദ്ധനവ്, പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതിയുടെ നടത്തിപ്പ്, ചെറുകിട വായ്പാ മുന്നേറ്റം എന്നിവ കാരണം ബാങ്ക് ക്രെഡിറ്റ് ഓഫ്ടേക്കിന്റെ കാഴ്ചപ്പാട് പോസിറ്റീവ് ആയി തുടർന്നു.

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 13.0-13.5 ശതമാനം വരെ വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്,” കെയര്‍എഡ്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. വായ്പാ വളര്‍ച്ചയും നിക്ഷേപ വളര്‍ച്ചയും തമ്മിലുള്ള വ്യത്യാസം 326 ബിപിഎസ് ആയി കുറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 875 ബിപിഎസ് എന്ന ഉയര്‍ന്ന നിലയിലായിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിനിടെ നിക്ഷേപങ്ങളിലുണ്ടായ വളര്‍ച്ചയാണ് ഈ ഇടിവില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ളത്.

മേയ് 19നാണ് വിനിമയത്തിലുള്ള 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 30 വരെയാണ് ഈ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമുള്ളത്.

X
Top