
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം തുടര്‍ച്ചയായ എട്ടാം മാസത്തിലും 1.4 ലക്ഷം കോടിയ്ക്ക് മുകളിലെത്തി. മാത്രമല്ല, എക്കാലത്തേയും ഉയര്‍ന്ന രണ്ടാമത്തെ ജിഎസ്ടി ശേഖരമാണ് കഴിഞ്ഞമാസത്തേത്. ഔദ്യോഗിക കണക്കനുസരിച്ച് 1.52 ലക്ഷം കോടി രൂപയാണ് ഒക്ടോബറില്‍ പിരിച്ച ജിഎസ്ടി വരുമാനം.
1.30 ലക്ഷം കോടി രൂപയാണ് 2021 ഒക്ടോബറില്‍ ശേഖരിച്ചത്. ഏറ്റവും കൂടുതല്‍ നികുതി ശേഖരിച്ചത് ഈ വര്‍ഷം ഏപ്രിലിലാണ്, 167,540 കോടി രൂപ.
ഒക്ടോബറില്‍ പിരിച്ച ജിഎസ്ടി വരുമാനത്തില്‍ 26,039 കോടി രൂപ കേന്ദവിഹിതവും 33,396 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സംയുക്തമായി ലഭ്യമായത് 81,778 കോടി രൂപ.
സെസ് 10,505 കോടി രൂപയാണ്. സംയുക്ത ജിഎസ്ടി 37,626 കോടി രൂപ, 32,883 കോടി രൂപ എന്നിങ്ങനെ യഥാക്രമം കേന്ദ്ര, സംസ്ഥാനങ്ങള്‍ വീതിച്ചെടുത്തു. 50:50 എന്ന അനുപാതത്തില്‍ 22,000 കോടി രൂപ അനൗപചാരികമായും പങ്കിട്ടു.
ഇതോടെ കേന്ദ്രത്തിന്റെ മൊത്തം വരുമാനം 74,665 കോടി രൂപയും സംസ്ഥാനങ്ങളുടേത് 77,279 കോടി രൂപയുമായി മാറി.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ച മൊത്തം ജിഎസ്ടി 1ദ.45 ലക്ഷം കോടി രൂപയാണ്. 12 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജിഎസ്ടി വരുമാനം ഒക്ടോബറില്‍ 14 ശതമാനത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
സെപ്തംബര്‍ മാസത്തില്‍ പല സംസ്ഥാനങ്ങളുടേയും ജിഎസ്ടി 14 ശതമാനത്തില്‍ കുറവായിരുന്നു. സംരക്ഷിത ജിഎസ്ടി വരുമാന കാലയളവ് ജൂണ്‍ 30ന് അവസാനിച്ചതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളുടെ ശേഖരം 14 ശതമാനം കൂടുതലല്ലെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.സെപ്തംബര്‍ വില്‍പ്പനയുടെ നികുതിയാണ് ഒക്ടോബര്‍ മാസത്തില്‍ ശേഖരിക്കുക.