ന്യൂഡൽഹി: സാധാരണക്കാർ ഉപയോഗിക്കുന്ന ഒട്ടേറെ സേവനങ്ങൾക്കും വസ്തുക്കൾക്കും ജിഎസ്ടി ഇളവിന് ശനിയാഴ്ച്ച നടന്ന കൗൺസിൽ യോഗത്തിൽ തീരുമാനം. റെയില്‍വെ പ്ലാറ്റ്ഫോം ടിക്കറ്റ്, വെയ്റ്റിങ് റൂം, ക്ലോക്ക് റൂം എന്നിവയുടെ ജിഎസ്ടി ഒഴിവാക്കിയതുൾപ്പെടെ പ്രധാനപ്പെട്ട നിരവധി ഇളവുകളാണ് കൊണ്ടുവന്നത്.
റെയിൽവേ സ്റ്റേഷനുകളിൽ ഓടുന്ന ബാറ്ററി വാഹനങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നവർ ഇനി നികുതി നൽകേണ്ടതില്ല. ക്യാംപസുകൾക്കു പുറത്തുള്ള സ്റ്റുഡന്റ്സ് ഹോസ്റ്റലുകളിലെ താമസത്തിനും ജിഎസ്ടി ഒഴിവാക്കി. പ്രതിമാസം 20,000 രൂപയിൽ താഴെയുള്ള താമസത്തിനാണു ജിഎസ്ടി ഒഴിവാക്കിയത്. 90 ദിവസമെങ്കിലും തുടർച്ചയായി താമസിക്കുന്നവർക്കു മാത്രമേ ഈ ഇളവ് ലഭ്യമാവൂ.
സോളാര്‍ കുക്കറുകള്‍ക്ക് 12% എന്ന ഏകീകൃത ജിഎസ്ടി നിശ്ചയിച്ചു. കാർട്ടൺ ബോക്സുകളുടെ ജിഎസ്ടി 18 % ആയിരുന്നത് 12 % ആയി കുറച്ചതിനാൽ വില കുറയും.
രാജ്യം മുഴുവൻ ജിഎസ്ടി രജിസ്ട്രേഷൻ, ആധാർ ബയോമെട്രിക് വഴിയാക്കുന്നത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനും ശനിയാഴ്ച്ച നടന്ന യോഗത്തിൽ തീരുമാനമായി. ജിഎസ്ടി കൗൺസിൽ നിർദേശങ്ങൾ സർക്കാർ അംഗീകരിക്കുന്നതോടെ ഇളവുകൾ പ്രാബല്യത്തിൽ വരും.
ക്യാനുകളില്‍ ഉള്ള പാലിന് രാജ്യത്ത് 12 ശതമാനം ജിഎസ്ടിയെന്നത് ഏകീകരിച്ചു. കോമ്പോസിഷൻ സ്കീമിലുള്ളവർക്ക് ജിഎസ്ടിആർ 4 ഫോമിലെ വിവരങ്ങൾ നൽകാൻ ജൂൺ 30 വരെ സമയം നീട്ടി നൽകിയിട്ടുണ്ട്.
വളം മേഖലയെ നിലവിലുള്ള 5% ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കുന്നതും പരിഗണനയിലാണ്.