ന്യൂഡല്‍ഹി: വലിയ തോതിലുള്ള നിരക്ക് വെട്ടിക്കുറയ്ക്കലുകളൊന്നും ഇത്തവണത്തെ ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ പ്രതീക്ഷിക്കേണ്ടതില്ല. ഡിസംബര്‍ 17 ന് നടക്കുന്ന 48-ാമത് യോഗത്തില്‍ നിരക്ക് കുറയ്ക്കല്‍ തീരുമാനങ്ങളുണ്ടാകില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു. ജിഎസ്ടി ഫിറ്റ്മെന്റ് പാനല്‍ രണ്ട് പ്രധാന നിരക്ക് പരിഷ്‌ക്കരണങ്ങള്‍ മാത്രമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്.
സ്വര്‍ണ്ണം,വെള്ളി,വജ്രം തുടങ്ങിയവയുടേയും വാട്ടര്‍ പമ്പ് സെറ്റുകള്‍, പെന്‍സില്‍ ഷാര്‍പ്പനറുകള്‍, അടുക്കള ഉപകരണങ്ങള്‍ എന്നിവയുടെയും നിരക്ക് കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഫിറ്റ്‌മെന്റ് പാനല്‍ തള്ളി. നിലവില്‍ സ്വര്‍ണ്ണം,വെള്ളി എന്നിവയ്ക്ക് 3 ശതമാനവും വജ്ര നികുതി 1.5 ശതമാനവുമാണ്.
ഇത് കുറയ്ക്കാനാണ് നിര്‍ദ്ദേശമുണ്ടായിരുന്നത്. സമാനമായി പമ്പ് സെറ്റുകള്‍, പെന്‍സില്‍ ഷാര്‍പനറുകള്‍,കിച്ചണ്‍വെയര്‍ എന്നിവയുടെ നികുതി 18 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കാനും പാനല്‍ വിസമ്മിതിച്ചു. പകരം, മില്ലിംഗ് ഡാള്‍സിന്റെ ഉപോല്‍പ്പന്നങ്ങളുടെയും ഖണ്ഡ, ചൂര, ചിക്ക തുടങ്ങിയ ചില പയര്‍വര്‍ഗ്ഗങ്ങളുടെ ഉപോല്‍പന്നങ്ങളുടേയും നികുതി നിരക്ക് പൂജ്യമായി കുറയ്ക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ ഇവ 5 ശതമാനം നികുതി വഹിക്കുന്നു. കൂടാതെ വ്യവസ്ഥകള്‍ പാലിക്കുകയാണെങ്കില്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് (എസ്യുവി) 22 ശതമാനം നഷ്ടപരിഹാര ഫീസ് നല്‍കാന്‍് ഫിറ്റ്മെന്റ് കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍ ജിഎസ്ടി ചുമത്തുന്നതുപോലുള്ള കാര്യങ്ങളില്‍ തീരുമാനം പിന്നീടറിയിക്കും.
48-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സാധ്യതയില്ല.