
ന്യുഡല്‍ഹി: സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായും (ഇഡിഐഐ), ഗുജറാത്ത് സര്‍ക്കാരിന്റെ കോട്ടേജ് ആന്‍ഡ് റൂറല്‍ ഇന്‍ഡസ്ട്രീസ് വകുപ്പുമായും ധാരണാപത്രം ഒപ്പിട്ടതായി ആമസോണ്‍ ഇന്ത്യ തിങ്കളാഴ്ച അറിയിച്ചു. ഇ-കൊമേഴ്സ് കയറ്റുമതി പദ്ധതിയായ ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ ഗുജറാത്തില്‍ നിന്നുള്ള നെയ്ത്തുകാര്‍, കരകൗശല വിദഗ്ധര്‍, മറ്റ് സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) എന്നിവരെ കൊണ്ടുവരുന്നതിനാണിത്.
ഗുജറാത്തില്‍ നിന്നുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുക എന്നതാണ് ലക്ഷ്യം, സംസ്ഥാന എംഎസ്എംഇ, കോട്ടേജ്, ഖാദി, ഗ്രാമീണ വ്യവസായ മന്ത്രി ബല്‍വന്ത് സിംഗ് രജ്പുത് പറഞ്ഞു. ആമസോണുമായുള്ള പങ്കാളിത്തത്തിലൂടെ ലക്ഷക്കണക്കിന് എംഎസ്എംഇകളെ ശാക്തീകരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇ-കൊമേഴ്സ് കയറ്റുമതിയ്ക്കായി എംഎസ്എംഇകളെ പ്രാപ്തമാക്കും.
ഇതിനായി കൈത്തറി, കരകൗശല മേഖലകളില് 1,000 ത്തോളം കരകൗശല വിദഗ്ധരെ കണ്ടെത്തും.് ഹസ്ത്കല സേതു യോജന പദ്ധതിയിലൂടെയാണ് കരകൗശല വിദഗ്ധരെ കണ്ടെത്തുക. ഗ്ലോബല്‍ സെല്ലിംഗിന് കീഴില്‍ നടത്തുന്ന വിദേശ വില്‍പ്പന 2023 ല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കുമെന്ന് ആമസോണ്‍ ഇന്ത്യ ഈയിടെ അറിയിച്ചിരുന്നു.
പ്രോഗ്രാമിന് കീഴില്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗില്‍ ഇന്ത്യന്‍ കയറ്റുമതിക്കാരുടെ മൊത്തം കയറ്റുമതി 2023 ല്‍ 8 ബില്യണ്‍ യുഎസ് ഡോളര്‍ കവിയുമെന്ന് ‘എക്സ്പോര്‍ട്ട് ഡൈജസ്റ്റ് ‘ റിപ്പോര്‍ട്ട് പറയുന്നു. 2015 ല്‍ ആരംഭിച്ചതിനുശേഷം, ആമസോണ്‍ ഗ്ലോബല്‍ സെല്ലിംഗ് 1.25 ലക്ഷം കയറ്റുമതിക്കാരെ ഉള്‍പ്പെടുത്തി.
പ്ലാറ്റ്ഫോമിലെ 1,200 ഓളം ഇന്ത്യന്‍ കയറ്റുമതിക്കാര്‍ കഴിഞ്ഞ വര്‍ഷം 5 ബില്യണ്‍ രൂപയിലധികം വില്‍പന നടത്തി. കളിപ്പാട്ടങ്ങള്‍ (50 ശതമാനം), വീട്, അടുക്കള (35 ശതമാനം), സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ (25 ശതമാനം) തുടങ്ങിയ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ കയറ്റുമതി നടന്നത്. 266 ദശലക്ഷത്തിലധികം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ ഉല്‍പ്പന്നങ്ങള്‍ ഈ പദ്ധതിയിലൂടെ കയറ്റുമതി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ട് അറിയിച്ചു.