ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 2030-ഓടെ ഇരട്ടിയാകുമെന്ന് നീതി ആയോഗ് സിഇഒഇന്ത്യൻ ജിഡിപിയിൽ സംസ്ഥാനത്തിന്റെ സംഭാവന ഉയരാത്തത് കേരളത്തിന് ക്ഷീണംമോർഗൻ സ്റ്റാൻലി ഇൻവെസ്റ്റബിൾ മാർക്കറ്റ് ഇൻഡെക്സിൽ ചൈനയെ പിന്തള്ളി ഇന്ത്യഉത്സവ സീസണിൽ അവശ്യസാധനങ്ങൾക്ക് വില വർധിപ്പിക്കില്ലെന്ന് കേന്ദ്ര സർക്കാർഇന്ത്യയിലെ നിക്ഷേപാന്തരീക്ഷത്തെ പുകഴ്ത്തി സെയിൽസ്ഫോഴ്‌സ് മേധാവി

വിനിമയനിരക്കിൽ കുതിച്ച് ഗൾഫ് കറൻസികൾ

അബുദാബി: ഡോളറുമായുള്ള വിനിമയനിരക്കിൽ ഇന്ത്യൻ രൂപ ഏറ്റവും താഴ്ന്നനിലയിൽ എത്തിയതോടെ ഗൾഫ് കറൻസികൾക്ക് നേട്ടം. വ്യാഴാഴ്ച യു.എ.ഇ. ദിർഹം രൂപയ്ക്കെതിരേ 22.85 എന്ന ഉയർന്നനിലയിലെത്തിയിരുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഏകദേശം ഇതേനിരക്കിലാണ് മുന്നേറ്റം. ചരിത്രത്തിലെത്തന്നെ മികച്ചനിരക്കാണിത്. 22.70 മുതൽ 22.75 രൂപവരെയാണ് വ്യാഴാഴ്ച വിവിധ മണി എക്സ്‌ചേഞ്ച് സ്ഥാപനങ്ങൾ ഒരുദിർഹത്തിന് നൽകിയ നിരക്ക്.

ഓൺലൈൻ വഴിയുള്ള പണമിടപാടിനാണ് ഈനിരക്ക്. എക്സ്ചേഞ്ചുകളിൽ നേരിട്ടെത്തി പണമയക്കുമ്പോൾ നിരക്കിൽ ഏറ്റക്കുറച്ചിലുകളുണ്ടായേക്കാം.

അതേസമയം, കോളിങ് ആപ്പായ ബോട്ടിംവഴി പണമയക്കുമ്പോൾ മറ്റ് ഫീസുകളൊന്നും ഈടാക്കാതെ ഒരുദിർഹത്തിന് 22.85 രൂപതന്നെ ലഭിക്കും. നാട്ടിലേക്ക് 1000 ദിർഹം അയക്കുമ്പോൾ 22,850 രൂപ ലഭിക്കുമെന്നർഥം. രൂപയുടെ മൂല്യം ഈമാസം ഇനിയും ഇടിഞ്ഞേക്കുമെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തൽ.

ഇന്ത്യൻ രൂപ മൂല്യത്തകർച്ച നേരിടുന്ന സാഹചര്യത്തെ പ്രവാസികൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. അടുത്തിടെയായി ഗൾഫിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വർധിച്ചു.

രൂപയുടെമൂല്യം റെക്കോഡ് താഴ്ചയിലേക്കും സ്വർണവില റെക്കോഡ് ഉയർച്ചയിലേക്കും നീങ്ങുന്നതാണ് നിലവിലുള്ള സാഹചര്യം. പ്രവാസികൾ കരുതലോടെ ഇടപാടുനടത്തേണ്ട സാഹചര്യമാണിതെന്ന് ദുബായിലെ സാമ്പത്തികവിദഗ്ധൻ പി.കെ. സജിത് കുമാർ പറഞ്ഞു.

രൂപയുടെ മൂല്യത്തകർച്ച എങ്ങനെ ശരിയായി പ്രയോജനപ്പെടുത്തണമെന്ന് പ്രവാസികൾ മനസ്സിലാക്കണം. അമേരിക്കൻ സാമ്പത്തികമാന്ദ്യത്തെക്കുറിച്ചുള്ള വിവരങ്ങളും വന്നുകൊണ്ടിരിക്കുന്നു.

അതിനെ അടിസ്ഥാനപ്പെടുത്തി വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യയടക്കമുള്ള ഏഷ്യൻ ഓഹരിവിപണികളിൽനിന്ന് നിക്ഷേപം പിൻവലിച്ചുകൊണ്ട് സ്വർണമടക്കമുള്ള സുരക്ഷിതനിക്ഷേപങ്ങളിലേക്ക് മാറുന്നതും കാണാം. ഇത് ഏഷ്യൻ കറൻസികളുടെ തകർച്ചയ്ക്ക് ആക്കംകൂട്ടിയിട്ടുണ്ട് – അദ്ദേഹം പറഞ്ഞു.

അമേരിക്കൻ സാമ്പത്തികമാന്ദ്യം ഡോളറിന് പ്രതികൂലമാകാനും സാധ്യതയുണ്ട്. ഇന്ത്യൻ രൂപ വില്പനനടത്തി ഡോളറിലേക്ക് മാറുന്നതാണ് നിലവിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന വലിയ പ്രതിസന്ധികളിലൊന്ന്.

ഇന്ത്യയിൽ ധനവിനിമയസ്ഥാപനങ്ങളും ഇറക്കുമതിക്കാരും അമേരിക്കൻ ഡോളറിനെ അമിതമായി ആശ്രയിക്കുന്നതും രൂപയുടെ മൂല്യത്തകർച്ചയ്ക്കുള്ള കാരണമാണ് – സജിത് കുമാർ പറഞ്ഞു.

ആർ.ബി.ഐ. ശക്തമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ ഇന്ത്യൻ രൂപയുടെ മൂല്യം ഇനിയും വലിയതകർച്ചയെ അഭിമുഖീകരിക്കേണ്ടിവരും. യു.എ.ഇ. അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ എണ്ണവിലയിലെ ചാഞ്ചാട്ടം സാധാരണപ്രവാസികളുടെ ദൈനംദിനജീവിതത്തെ ബാധിക്കുന്നുണ്ട്.

വരുമാനം കുറയുന്നതും ചെലവ് വർധിക്കുന്നതുമാണ് പ്രവാസികൾ ഇപ്പോൾ നേരിടുന്ന പ്രതിസന്ധി.

രൂപയുടെ മൂല്യത്തകർച്ചയെ മുൻനിർത്തി പ്രവാസികൾ കൈയിലുള്ള പണംമുഴുവൻ നാട്ടിലേക്കയക്കാതെ അത്യാവശ്യകാര്യങ്ങൾ നിർവഹിക്കാനായി സൂക്ഷിക്കുന്നതും അനിവാര്യമാണ്.

മാത്രമല്ല, പ്രവാസികൾ അനാവശ്യചെലവുകൾ ഒഴിവാക്കാനും ശ്രദ്ധിക്കണമെന്ന് പി.കെ. സജിത് കുമാർ നിർദേശിച്ചു.

X
Top