
ബെംഗളൂരു: ഹിന്ദുസ്ഥാന് എയറോനോട്ടിക്കല് ലിമിറ്റഡിന്റെ (എച്ച്.എ.എല്) ഹെലികോപ്ടര് ഫാക്ടറി കര്ണാടകയിലെ തുമകൂരുവില് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഏറ്റവും ബൃഹത്തായ ഹെലികോപ്ടര് നിര്മാണശാലയാണിത്.
ഇന്ത്യന് പ്രതിരോധമേഖലയ്ക്ക് കൂടുതല് കരുത്ത് പകരാനും പ്രതിരോധരംഗത്ത് സ്വയം പര്യാപ്തത ആര്ജിക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്രസര്ക്കാര് പദ്ധതിയാണിത്. ഇവിടെ നിര്മിച്ച ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറും (LUH) പ്രധാനമന്ത്രി അവതരിപ്പിച്ചു.
പ്രതിരോധ മേഖലക്കാവശ്യമായ സൈനികോപകരണങ്ങള്, വിമാനവാഹിനിക്കപ്പലുകള്, യുദ്ധവിമാനങ്ങള് തുടങ്ങിയവ രാജ്യത്തുതന്നെ നിര്മിക്കാനാരംഭിച്ചതിലൂടെ ഇന്ത്യ പതിയെപ്പതിയെ ഈ രംഗത്ത് സ്വയംപര്യാപ്തത ആര്ജിക്കുകയാണെന്നും ഉദ്ഘാടനച്ചടങ്ങില് മോദി പറഞ്ഞു.
എച്ച്എഎല്ലിനെ കുറിച്ച് വ്യാജവാര്ത്തകള് പ്രചരിച്ചതായും അവയെ അടിസ്ഥാനമാക്കി കേന്ദ്ര സര്ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള് ഉയര്ന്നതായും പ്രധാനമന്ത്രി പറഞ്ഞു. എച്ച്എഎല്ലും അതിന്റെ വളര്ന്നുവരുന്ന കരുത്തുമാണ് ആ ആരോപണങ്ങള്ക്കുള്ള മറുപടി. പ്രതിരോധമേഖലയുടെ സ്വയംപര്യാപ്തതയ്ക്ക് ഊര്ജം പകരുന്ന എച്ച്എഎല് രാജ്യസുരക്ഷയുടെ ഭാവിയാണെന്നും മോദി കൂട്ടിച്ചേര്ത്തു.
615 ഏക്കറിലധികം സ്ഥലത്താണ് നിര്മാണശാല വ്യാപിച്ച് കിടക്കുന്നത്. 2016-ല് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഫാക്ടറിയ്ക്ക് തറക്കല്ലിട്ടത്. ഇന്ത്യക്കാവശ്യമായ ഹെലികോപ്ടറുകള് തദ്ദേശീയമായി നിര്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാക്ടറി നിര്മിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളാണ് ഇവിടെ നിര്മിക്കുന്നത്.
ഇതിനോടകം നിര്മാണവും പരീക്ഷണവും പൂര്ത്തിയാക്കിക്കഴിഞ്ഞ തദ്ദേശീയമായി രൂപകല്പന ചെയ്ത, ഒറ്റ എന്ജിനുള്ള എല്യുവിയും ഫാക്ടറിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചു.
വിവിധോദ്ദേശ ഹെലികോപ്ടറിന്റെ നിയന്ത്രണവും ചലനവും സുഗമമാണ്. നിലവില് വര്ഷത്തില് 30 ഹെലികോപ്ടറുകള് നിര്മിക്കാനാണ് പദ്ധതി. പിന്നീട് വാര്ഷികോത്പാദനം ക്രമേണ 60 ആയും 90 ആയും വര്ധിപ്പിക്കും.