
മുംബൈ: പിഎൻബി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ഹർദയാൽ പ്രസാദ് തന്റെ ചുമതലയിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജി. ക്യാൻ ഫിൻ ഹോംസിന്റെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് കൗസ്‌ഗിയാണ് ഹർദയാൽ പ്രസാദിന്റെ പകരക്കാരൻ.
കൗസ്ഗിയുടെ നിയമനം ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമാണെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് പ്രസ്താവനയിൽ പറഞ്ഞു. 25 വർഷത്തെ മോർട്ട്ഗേജ്, റീട്ടെയിൽ ലെൻഡിംഗ് അനുഭവപരിചയമുള്ള കൗസ്ഗി പിഎൻബി ഹൗസിംഗിൽ ചേരുന്നതിന് മുമ്പ് ക്യാൻ ഫിൻ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു.
അതേസമയം രാജിക്ക് ശേഷവും ഹർദയാൽ പ്രസാദ് പിഎൻബി ഹൗസിംഗ് ഫിനാൻസിന്റെ ഉപദേശകനായി പ്രവർത്തിക്കും. എംഡിയായിരുന്ന അദ്ദേഹത്തിന്റെ കാലയളവിൽ കമ്പനി നിരവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു. നാഷണൽ ഹൗസിംഗ് ബാങ്കിൽ (എൻഎച്ച്ബി) രജിസ്റ്റർ ചെയ്ത ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് പിഎൻബി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ്. പഞ്ചാബ് നാഷണൽ ബാങ്ക് (PNB) ആണ് പിഎൻബി ഹൗസിംഗിനെ പ്രൊമോട്ട് ചെയ്യുന്നത്.