
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത വൈകാതെ ഉണ്ടാകുമോ? ഹാര്‍ലി അടക്കം യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഹൈഎന്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ ആലോചിക്കുകയാണ് ഇന്ത്യ.
യുഎസുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇത്തരമൊരു തന്ത്രപരമായ നീക്കം കേന്ദ്ര സര്‍ക്കാര്‍ എടുത്തേക്കുമെന്നാണ് സൂചന.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ഇറക്കുമതി തീരുവ കുറച്ചിരുന്നു. 1600 സിസിക്ക് മുകളില്‍ ശേഷിയുള്ള മോട്ടോര്‍സൈക്കിളുകളുടെ തീരുവ 50% ല്‍ നിന്ന് 30 ശതമാനത്തിലേക്കാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കുറച്ചിരുന്നത്.
ലക്ഷ്വറി മോട്ടോര്‍സൈക്കിളുകള്‍ക്ക് 0% ഇറക്കുമതി നികുതിയെന്ന തീരുമാനത്തിലേക്കാണ് ഇപ്പോള്‍ ഇന്ത്യയുടെ നീക്കം.
നടപ്പാക്കിയാല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളുകളുടെ വില 20-30% വരെ കുറയും. ഹാര്‍ലി വാങ്ങാന്‍ കൊതിച്ചിരിക്കുന്ന പലര്‍ക്കും മികച്ച അവസരമാണ് ഇത് ഒരുക്കുന്നത്.
താരിഫുകള്‍ മൂലം ഇന്ത്യന്‍ വിപണിയില്‍ കാലങ്ങളായി തിരിച്ചടിയേറ്റ യുഎസ് ബ്രാന്‍ഡിനും ഇത് മികച്ച അവസരമാകുമെന്നാണ് വിലയിരുത്തല്‍. 2020 ല്‍ ഇന്ത്യയിലെ നേരിട്ടുള്ള പ്രവര്‍ത്തനം നിര്‍ത്തിയ ഹാര്‍ലി, ഹീട്ടോമോട്ടോര്‍കോര്‍പ്പ് വഴിയാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്.
താരിഫ് കുറയുന്നതോടെ പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ മുഴുവന്‍ ശ്രേണിയും ഇന്ത്യയില്‍ അവതരിപ്പിച്ച് കരുത്തുറ്റ തിരിച്ചുവരവിന് യുഎസ് കമ്പനി ശ്രമിച്ചേക്കും.
എന്നാല്‍ ഇറക്കുമതി താരിഫ് കുറച്ചാലും മറ്റ് പല നികുതികളും നിലനില്‍ക്കും. ജിഎസ്ടി, എഐഡിസി സെസ് എന്നിവ കണക്കാക്കുമ്പോള്‍ വില അല്‍പ്പം ഉയരും.
വിശാലമായ ഇന്ത്യന്‍ വിപണിയില്‍ സര്‍വീസ്, സപ്പോര്‍ട്ടും നല്‍കുകയെന്നതും യുഎസ് ബ്രാന്‍ഡിന് മുന്നിലെ വെല്ലുവിളിയാണ്.