ന്യൂഡല്‍ഹി: ഹര്‍ഷ എഞ്ചിനീയേഴ്‌സ് ഇന്റര്‍നാഷണല്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് (ഐപിഒ) സെപ്തംബര്‍ 14 ന് ആരംഭിക്കും. 16 വരെ നീളുന്ന ഐപിഒയില്‍ ഓഹരി വില 314-330 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.
പ്രതീക്ഷയുണര്‍ത്തി 200 രൂപ പ്രീമിയത്തിലാണ് ഗ്രേ മാര്‍ക്കറ്റില്‍ ഓഹരിയുള്ളത്. പ്രിസിഷന്‍ ബെയറിംഗ് കേജുകളുടെ നിര്‍മ്മാതാക്കളായ കമ്പനി, 755 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ 300 കോടി രൂപ ഓഫര്‍ സെയ്ല്‍ (ഒഎഫ്‌സ്) വഴിയാണ്,.
45 ഓഹരികളുടെ ഒരു സ്ലോട്ടിനായി അപേക്ഷിച്ചു തുടങ്ങാം. സെപ്തംബര്‍ 21 ഓടെ ഓഹരികള്‍ അലോട്ട് ചെയ്യപ്പെടും. അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2022 സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 873.75 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 51.24 ശതമാനം കൂടുതലാണ് ഇത്.
നികുതി കഴിച്ചുള്ള വരുമാനം 102.35 ശതമാനമുയര്‍ത്തി 91.94 കോടി രൂപയാക്കാനും കമ്പനിയ്ക്കായി. എഞ്ചിനീയറിംഗ് ബിസിനസില്‍ നിന്നുള്ള പ്രവര്‍ത്തന വരുമാനം ഉയര്‍ത്തിയതും സോളാര്‍ ഇപിസിയില്‍ നിന്നുള്ള പ്രവര്‍ത്തന നഷ്ടം കുറച്ചതുമാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സഹായിച്ചത്.