മുംബൈ: ഇന്ത്യൻ റെയിൽവേയുടെ വിവിധ ഡിവിഷനുകളിൽ നിന്ന് കമ്പനിക്ക് ഒന്നിലധികം ഓർഡറുകൾ ലഭിച്ചതായി അറിയിച്ച് എച്ച്ബിഎൽ പവർ സിസ്റ്റംസ്. ഈ ഓർഡർ ലഭിച്ച വാർത്തയ്ക്ക് പിന്നാലെ എച്ച്ബിഎൽ പവർ സിസ്റ്റംസ് ഓഹരികൾ 10.07 ശതമാനത്തിന്റെ നേട്ടത്തിൽ 88 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഹൗറ മുതൽ പ്രധാൻഖന്ത വരെയുള്ള 260 കിലോമീറ്ററിലധികം സ്ഥലത്ത് ട്രാക്കും 120 ലോക്കോമോട്ടീവുകളും വിന്യസിക്കുന്നതിന് ഈസ്റ്റേൺ റെയിൽവേയുടെ മിഷൻ റാഫ്താർ പ്രോജക്ടിന് കീഴിലാണ് കമ്പനിക്ക് ആദ്യ ഓർഡർ ലഭിച്ചത്. 286.69 കോടി രൂപയാണ് ഈ ഓർഡറിന്റെ മൂല്യം. കരാർ പ്രകാരം ജോലികൾ 700 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
കൂടാതെ ട്രെയിൻസെറ്റുകൾ നിർമ്മിക്കുന്ന സമയത്ത് സ്ഥാപിക്കുന്ന കവാച്ചിന്റെ വിതരണത്തിനായി ഐസിഎഫിൽ നിന്ന് എച്ച്ബിഎല്ലിന് മൊത്തം 31.66 കോടി രൂപയുടെ പർച്ചേസ് ഓർഡർ ലഭിച്ചു. ഇതിന്റെ വിതരണം 2022 നവംബറിൽ ആരംഭിക്കുകയും 2023 ജൂലൈയിൽ പൂർത്തിയാക്കുകയും ചെയ്യും.
ഇതിന് പുറമെ വെസ്റ്റ് സെൻട്രൽ റെയിൽവേയിൽ നിന്നും പശ്ചിമ റെയിൽവേയിൽ നിന്നും മറ്റ് രണ്ട് ടെൻഡറുകൾ ലഭിച്ചതായി കമ്പനി അറിയിച്ചു. 353.84 കോടി രൂപയ്ക്ക് 549 കിലോമീറ്റർ ട്രാക്കും 87 ലോക്കോമോട്ടീവുകളും വിന്യസിക്കാനാണ് വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ഓർഡർ. അതേസമയം 81.67 കോടി രൂപയ്ക്ക് 96 കിലോമീറ്റർ പാതയിൽ കവാച്ച് സ്ഥാപിക്കുന്നതിനാണ് പശ്ചിമ റെയിൽവേയിൽ നിന്ന് ലഭിച്ച ഓർഡർ.
ടെലികോം, റെയിൽവേ, പ്രതിരോധ ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി ഉൽപ്പന്നങ്ങളും പരിഹാരങ്ങളും വികസിപ്പിക്കുന്നതിലും നിർമ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രികരിക്കുന്ന കമ്പനിയാണ് എച്ച്ബിഎൽ പവർ സിസ്റ്റംസ് (എച്ച്ബിഎൽ). ഇന്ത്യയിലെ ടെലികോം, യുപിഎസ്, പ്രതിരോധം, റെയിൽവേ എന്നിങ്ങനെയുള്ള പ്രധാന മേഖലകൾക്ക് സേവനം നൽകുന്നതിന് പുറമേ, എച്ച്ബിഎല്ലിന്റെ ഉൽപ്പന്നങ്ങൾ 80-ലധികം രാജ്യങ്ങളിലായി ലോകമെമ്പാടും വിപണനം ചെയ്യപ്പെടുന്നു.