ന്യൂഡല്‍ഹി: പാരന്റിംഗ് കമ്പനിയായ എച്ച്ഡിഎഫ്‌സിയുമായുള്ള ലയനം എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരിയെ തിങ്കളാഴ്ച ഉയര്‍ത്തി. 52 ആഴ്ചയിലെ ഉയരമായ 1757.50 രൂപയിലാണ് ഓഹരി ട്രേഡ് ചെയ്യുന്നത്. വലുതും വളരുന്നതുമായ വിതരണം, ഉപഭോക്തൃ ഫ്രാഞ്ചൈസി, ആവശ്യത്തിലധികം മൂലധനം, ആരോഗ്യകരമായ ആസ്തി ഗുണനിലവാരം, ലാഭക്ഷമത എന്നിവ കണക്കിലെടുക്കുമ്പോള്‍, ബാങ്ക് മികച്ച സ്ഥാനത്താണെന്ന് എച്ച്ഡിഎഫ്‌സി തലവന്‍ ശശിദര്‍ ജഗ്ദിഷന്‍ വിശ്വസിക്കുന്നു.
ഇനിയുമെത്താത്ത ഇടങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കാന്‍ ഇതോടെ പുതിയ സ്ഥാപനത്തിനാകും. എച്ച്ഡിഎഫ്‌സി ബാങ്കില്‍ നിക്ഷേപം നടത്താന്‍ ഇത് അനുയോജ്യമായ സമയമാണെന്ന് വിശകലന വിദഗ്ധര്‍ അറിയിച്ചു. വിദേശ ബ്രോക്കിംഗ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നതനുസരിച്ച് ഓഹരി ആകര്‍ഷകമായ മൂല്യനിര്‍ണ്ണയത്തിലാണ് .
മാത്രമല്ല, ദ്രുതഗതിയിലുള്ള വളര്‍ച്ചാ പാതയിലാണ് ബാങ്ക്.
ബാങ്കിന്റെ നിലവിലെ മൂല്യം ഒരു വര്‍ഷത്തെ ഫോര്‍വേഡ് വരുമാനത്തിന്റെ (ഇപിഎസ്) 16 ഇരട്ടിയാണ്.ഇത് 15 വര്‍ഷത്തെ ശരാശരിയേക്കാള്‍ 20 ശതമാനം കുറവുമാണ്.
അതായത്, സ്റ്റോക്ക് അതിന്റെ ചരിത്രപരമായ ശരാശരിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ താരതമ്യേന കുറഞ്ഞ വിലയ്ക്ക് വ്യാപാരം നടത്തുന്നു എന്നര്‍ത്ഥം. മോര്‍ട്ട്ഗേജ് വായ്പാദാതാവായ ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെയും (എച്ച്ഡിഎഫ്സി) സ്വകാര്യ വായ്പാ ദാതാവായ എച്ച്ഡിഎഫ്സി ബാങ്കിന്റെയും ലയനം ജൂലൈ 1 ന് പ്രാബല്യത്തിലായിരുന്നു.
ഓഹരി ഉടമകളെ നിര്‍ണ്ണയിക്കുന്നതിനുള്ള ‘റെക്കോര്‍ഡ് തീയതി’ ആയി ജൂലൈ 13 നിശ്ചയിച്ചിട്ടുണ്ട്.
കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനത്തോടെ രാജ്യത്തെ വലിയ ഭവന വായ്പ കമ്പനിയും ഏറ്റവും വലിയ സ്വകാര്യബാങ്കുമാണ് ഒന്നായത്. ഇതുവഴി പുതിയ ഒരു ബാങ്കിംഗ് ഭീമന്‍ സൃ്ഷ്ടിക്കപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്കിന്റെ 41 ശതമാനം ഓഹരികള്‍, എച്ച്ഡിഎഫ്സി സ്വന്തമാക്കുക എന്നതാണ് പദ്ധതി.
ഓഹരിയുടമകളുടെ കൈവശമുള്ള ഓരോ 25 ഓഹരികള്‍ക്കും ബാങ്കിന്റെ 42 ഓഹരികള്‍ വീതം ജൂലൈ 13 ന് ലഭ്യമാകും. 12.8 ലക്ഷം കോടി രൂപ വിപണി മൂലധനവും 17.9 ലക്ഷം കോടി രൂപ ബാലന്‍സ് ഷീറ്റും ഉള്ള ഒരു പുതിയ കമ്പനിയാണ് ഇപ്പാള്‍ ആവിര്‍ഭവിച്ചിരിക്കുന്നത്.